ad
Deshabhimani

ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായില്ല

print edition വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ:
അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Food poison.jpg

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Apr 25, 2026, 12:58 AM | 1 min read

കോവളം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്ഥാപനത്തിൽനിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് തെളിവില്ലെന്നും അതിനാൽ സ്ഥാപനം തുറന്ന് പ്രവർത്തിക്കാമെന്നുമാണ് റിപ്പോർട്ട്. കോവളം ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസറാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമീഷണർക്ക് റിപ്പോർട്ട് നൽകിയത്. ​


ഹോട്ടലിൽനിന്ന്‌ ശേഖരിച്ച സാമ്പിളുകളുടെ ലാബ് പരിശോധനാഫലം ലഭിച്ചു. മരിച്ചവരുടെയും ചികിത്സയിൽ കഴിഞ്ഞിരുന്നവരുടെയും ക്ലിനിക്കൽ റിപ്പോർട്ടുപ്രകാരം ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായില്ല. മെഡിക്കൽ കോളേജിൽ നടന്ന മൈക്രോബയോളജി പരിശോധനയിലും ബാക്ടീരിയസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽനിന്ന്‌ പഴകിയ മീനിന്റെയോ ഭക്ഷണത്തിന്റെയോ കാരണംകൊണ്ട് ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാഹചര്യം കണ്ടെത്തിയിട്ടില്ല.


മീൻമുട്ട കഴിച്ചതുവഴി സിഗറ്റേരിയപോലുള്ള മറൈൻ ടോക്സിൻ കാരണമാകാം രണ്ടു മരണം സംഭവിച്ചതെന്നാണ് അനുമാനം. കെമിക്കൽ അനലൈസിസിന് നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിൽമാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും റിപ്പോർട്ടിലുണ്ട്‌.

​മരിച്ചവരും ചികിത്സ തേടിയവരും ഇവിടെനിന്ന്‌ മീൻമുട്ട കഴിച്ചിരുന്നു. പല മീനുകളുടെയും മിക്സഡ് മുട്ടയാണ് കഴിച്ചത്. ഇത് ഫെബ്രുവരി 15നും 16നും ഹോട്ടലിൽ വിൽപ്പന നടത്തിയിരുന്നു. തമിഴ്നാട്ടിൽനിന്നാണ് ഹോട്ടലിലേക്ക് മീൻമുട്ട എത്തിച്ചത്. ഹോട്ടലിലേക്ക് മീൻമുട്ട നൽകിയ വ്യക്തിയോട് ബില്ലുകൾ ഹാജരാക്കാൻ കത്ത് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.


​ഫെബ്രുവരി 16നാണ് കൊല്ലം നിലമേൽ സ്വദേശികളായ രണ്ടുപേർ വിഴിഞ്ഞം അസ്‌മാക് സീഫുഡ് റെസ്റ്റോറന്റിൽനിന്ന്‌ മീൻവിഭവങ്ങൾ കഴിച്ചശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചത്. ഏഴുപേർ സമാനലക്ഷണങ്ങളോടെ ചികിത്സ തേടി. പരാതിയെ തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടൽ പരിശോധിച്ച്‌ പൂട്ടിയിടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home