വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം വച്ച് മത്സരിക്കാനില്ലെന്ന് കുടുംബം

ഷാർജ: വിപഞ്ചികയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന് വിപഞ്ചികയുടെ കുടുംബം അറിയിച്ചു. വിപഞ്ചികയുടെ അമ്മ ഷൈലജയും സഹോദരൻ വിനോദും ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിന്റെ സംസ്കാരത്തിൽ വിട്ടുവീഴ്ച ചെയ്തു. സംസ്കാരം വൈകാതിരിക്കാനാണ് വിട്ടുവീഴ്ച ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.
"വിപഞ്ചികയുടേത് ആത്മഹത്യ തന്നെയാണ് എന്നാണ് വിവരം. നാട്ടിലെത്തിച്ച് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. യുഎഇ നിയമത്തിൽ വിശ്വാസമുണ്ട്. നാട്ടിലെത്തിയതിന് ശേഷം നിയമ നടപടികൾ തുടരും.
ഇതൊരു മത്സരമല്ല. കുഞ്ഞിന്റെ മൃതദേഹം വച്ച് കളിക്കാൻ തയാറല്ല. സംസ്കാരം ഇനിയും വൈകുമെന്നതിനാലാണ് കോൺസുലേറ്റിലെ ചർച്ചയിൽ അവർ പറയുന്നതിനോട് സമ്മതിച്ചത്. യുഎഇ നിയമത്തെ ബഹുമാനിക്കുന്നു.
മരണം നടന്നിട്ട് പത്ത് ദിവസമായി. ഇനിയും അവരെ ഫ്രീസറിൽ വയ്ക്കാൻ തയാറല്ല. അതിനാലാണ് കുട്ടിയെ ദുബായിൽ സംസ്കരിക്കാൻ സമ്മതിച്ചത്. നിതീഷിന്റെ കുടുംബം കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. സംസ്കാര ചടങ്ങൽ ഞങ്ങളും പങ്കെടുക്കും.
നിതീഷിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് അനുകമ്പയോടെ ഒരു വാക്കുപോലും ഉണ്ടായിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമ നടപടികൾ നടക്കുകയാണ്. രേഖകൾ ശരിയായതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
അധികൃതരും മാധ്യമ പ്രവർത്തകരും എല്ലാ കാര്യങ്ങളിലും സഹകരിച്ചിരുന്നു". കൂടെ നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നതായും ഷൈലജയും വിനോദും ഷാർജയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.








0 comments