പദ്ധതി അട്ടിമറിച്ച് കേന്ദ്രം
print edition പണിയില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ

പ്രതീകാത്മക ചിത്രം
വി കെ രഘുപ്രസാദ്
Published on Apr 25, 2026, 02:17 AM | 1 min read
പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസർക്കാർ പകരം കൊണ്ടുവന്ന വിബി -ജി ആർഎഎം ജി (വികസിത് ഭാരത്–ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതി നടപ്പാക്കാത്തതിനാൽ ഒരു മാസമായി പണിയില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക വിവരം സംസ്ഥാന സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ ലഭിച്ചിട്ടില്ല. നടപടി ക്രമങ്ങളിലും വ്യക്തതയില്ല. കേന്ദ്ര നിർദേശം ലഭിച്ചാൽ, നടപടിക്രമം പൂർത്തിയാവാൻ കുറഞ്ഞത് ആറുമാസമെങ്കിലുമാകും. പുതിയ പദ്ധതി പ്രാബല്യത്തിലാകുന്നതുവരെ തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനും കേന്ദ്രം ശ്രമിക്കുന്നില്ല. 2026–-27 സാമ്പത്തികവർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനും ലേബര്‍ ബജറ്റും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
2024 ഏപ്രിലിൽ 2,81,614 തൊഴില്‍ ദിനങ്ങളും 2025- ഏപ്രിലില്‍ 5,78,705 തൊഴില്‍ദിനങ്ങളും നൽകാൻ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞു. എന്നാൽ, ഇൗ വർഷം ഏപ്രിൽ 23വരെ 83,916 തൊഴില്‍ ദിനങ്ങളാണ് നൽകിയത്. ഇതാകട്ടെ കഴിഞ്ഞവർഷം അനുവദിച്ച പ്രവൃത്തികളുടെ തുടർച്ചയും.
തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ ഉള്ളടക്കം തകർക്കുന്നതാണ് വിബി -ജി ആർഎഎം ജി എന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. പദ്ധതിയുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം. ഇതുമൂലം വർഷം 1,600 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമാകുക. നേരത്തേ ഇത് 90:10 എന്ന അനുപാതത്തിലായിരുന്നു.











0 comments