ad
Deshabhimani

ആടിന്റെ തലയറുത്ത് ആഹ്ലാദപ്രകടനം: 2 മുസ്ലിംലീഗുകാർ അറസ്റ്റിൽ

 goat  muslim leauge.jpg
വെബ് ഡെസ്ക്

Published on May 07, 2026, 07:43 PM | 2 min read

തിരൂർ: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച രണ്ട്‌ മുസ്ലിംലീഗ് പ്രവർത്തകരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ​യൂത്ത് ലീഗ് പെരുന്തല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾ പടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവരെയാണ് തിരൂർ എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പള്ളി അറസ്റ്റു ചെയ്തത്. ആടിന്റെ തലയറുത്ത് പരസ്യമായി പ്രദർശിപ്പിച്ചതിന് മൃഗങ്ങളോടുഉള ക്രൂരത നിയമത്തിലും ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്‌ ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്‌.


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ മൃഗത്തോട് ക്രൂരത കാട്ടിയത്. തവനൂർ മണ്ഡലത്തിൽപ്പെട്ട തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലാണ് സംഭവം. എൽഡിഎഫ് സ്ഥാനാർഥി കെടി ജലീലിനെ അപമാനിക്കാൻ പരസ്യമായി ആടിന്റെ തലയറുത്ത് ചോരയിറ്റുന്ന നിലയിൽ ലീഗിന്റെ കൊടി കെട്ടിയ കമ്പിൽ തൂക്കി പ്രദർശിപ്പിക്കുകയായിരുന്നു. ഇത് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലീഗിന്റെ ക്രൂരതക്കെതിരെ വലിയ പ്രതിഷേധമാണ്‌ ഉയന്നത്‌.


ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച ലീഗ്‌ നടപടി പ്രാകൃതം


തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിംലീഗ്‌ നടപടി പ്രാകൃതമെന്ന്‌ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിലാണ് ക്രൂരത അരങ്ങേറിയത്‌. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രദർശിപ്പിക്കുകയുംചെയ്തു.


ലീഗിന്റെ തനിനിറമാണ്‌ ഇതിലൂടെ പുറത്തായത്‌. തെരഞ്ഞെടുപ്പ്‌ ജനാധിപത്യ പ്രക്രിയയിലെ നടപടിക്രമമാണ്‌. അതിൽ ജയ പരാജയങ്ങൾ സ്വാഭാവികമാണ്. എന്നാൽ ആടിനെ അറുത്ത് രക്തമിറ്റ് വീഴുന്ന അതിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്നത്‌ പ്രാകൃത്വമാണ്‌. പുരോഗമ സമൂഹത്തിൽ അശ്ലീല കാഴ്‌ചയാണത്‌. ജില്ലയിൽ പല തെരഞ്ഞെടുപ്പുകളിലും ലീഗിന്റെ സമുന്നത നേതാക്കൾ തോറ്റിട്ടുണ്ട്‌. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ലീഗിന്റെ സമുന്നത നേതാക്കളും മന്ത്രിമാരും കൂട്ടത്തോടെ തോറ്റു. അതിനോട്‌ സമചിത്തതയോടെയാണ്‌ ഇടതുപക്ഷം പ്രതികരിച്ചത്‌.


തെരഞ്ഞെടുപ്പ്‌ തോൽവിയുടെ പേരിൽ ജില്ലയിൽ ഇടതുപക്ഷമാകെ ഇല്ലാതായി എന്ന ധാരണ ലീഗിന്‌ വേണ്ട. ലീഗ്‌ ഉൾപ്പെടെയുള്ള വലതുപക്ഷ പ്രതിലോമ രാഷ്‌ട്രീയത്തോട്‌ പൊരുതി മുന്നേറിയാണ്‌ ഇടതുപക്ഷം ജില്ലയിൽ വളർന്നത്‌. അത്‌ കേവല തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിൽമാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളെ അണിനിരത്തി ലീഗിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർടി ശക്തമായി മുന്നോട്ടുവരുമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home