കേരള സ്റ്റോറി 2: അപ്പീൽ പരിഗണിക്കാൻ രാത്രി പ്രത്യേക സിറ്റിങ്

കൊച്ചി: ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് സ്റ്റേ ചെയ്തതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹെെക്കോടതിയിൽ വ്യാഴം രാത്രി പ്രത്യേക സിറ്റിങ്. വാദം പൂർത്തിയാക്കി ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റി. സിനിമയുടെ റിലീസ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ ഷാ നൽകിയ അപ്പീൽ രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഉത്തരവിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്.
സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയുടെ പ്രദർശനം തടയാൻ കോടതിക്ക് കഴിയില്ലെന്നും സിനിമയുടെ പേരിടൽ സൃഷ്ടാക്കളുടെ അവകാശമാണെന്നും നിർമാതാക്കൾ വാദിച്ചു. ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജി വരുന്നതെന്നും പ്രദർശനം നിശ്ചയിച്ചതിന്റെ തലേന്ന് തടയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും വാദിച്ചു.










0 comments