ആ കസേര അളിയന്; സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്‌റ്റാഫിൽ ബന്ധുനിയമനം

സഹോദരീ ഭർത്താവ് ബെന്നി തോമസിനൊപ്പം മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭർത്താവിന് നിയമനം. 13 പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളിൽ രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത്. അഡീഷണൽ പി എസ് ആയാണ് ഉളിക്കൽ സ്വദേശി ബെന്നി തോമസിന് നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്‌ച വൈകിട്ട് പുറത്തിറങ്ങിയത്.
കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ അളിയനെ കുടിയിയിരുത്തിയത് കോൺഗ്രസിൽ കലാപത്തിന് വഴിവെക്കും. ഡിസിസി ജനറൽ സെക്രട്ടറിയാണ് ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ്. മുൻ കെഎസ്‌യു നേതാവ് സുദീപ് ജെയിംസാണ് മറ്റൊരു അഡീഷണൽ പിഎസ്. സ്‌റ്റാഫിലുള്ള മറ്റുള്ളവരെല്ലാം സർക്കാർ ജീവനക്കാരാണ്. ബന്ധുനിയമനം വാർത്തയായതോടെ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസുകാർ തന്നെ പ്രതിഷേധവുമായി എത്തി.
അതേസമയം മന്ത്രിമാരുടെ സ്റ്റാഫിലേക്കുള്ള ശുപാർശകൾ ഏറിയതോടെ, യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെയും സ്റ്റാഫ് നിയമനം ഇതുവരെ പൂർത്തിയായിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളാണ് ഇതുവരെ ഏറെക്കുറെ നടന്നിട്ടുള്ളത്.
മുഖ്യമന്ത്രിക്ക് 20 പേഴ്‌സണൽ സ്റ്റാഫുമാരെ നിയമിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ നാല് ഡ്രൈവർമാരെയും രണ്ട് ഓഫീസ് അറ്റൻഡന്റുമാരെയുംകൂടി നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.










0 comments