ഇഡിക്കെതിരെ പ്രതിഷേധം: പ്രതി ചേർക്കപ്പെട്ടവരുടെ കുടുംബങ്ങൾക്കെതിരായ പൊലീസ് വേട്ട അവസാനിപ്പിക്കണം- വി ശിവൻകുട്ടി

തിരുവനന്തപുരം: ഇഡിയെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷനേതാവ് പിണറായി വിജയനെ കുടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പൊലീസ് നടത്തുന്ന അക്രമ നടപടികളും ഭീഷണിപ്പെടുത്തലും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഇഡിയെ രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ് സർക്കാരിനെയും നേതൃത്വത്തെയും വേട്ടയാടുന്നതിനെതിരെ പ്രതിഷേധിച്ചവരുടെ കുടുംബങ്ങളെ വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. കുടുംബാംഗങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുകയും ആശങ്കയുടെ മുൾമുനയിൽ നിർത്തുകയുമാണ്. ഇതിന് പുറമെ, പ്രതി ചേർക്കപ്പെട്ടവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പൊലീസ് എത്തി ഭീതി പരത്തുകയും അവരുടെ തൊഴിൽ സാഹചര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിരപരാധികളായ കുടുംബാംഗങ്ങളെയും ജോലി ചെയ്യുന്നവരെയും ഇത്തരത്തിൽ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിഷേധിച്ചവർക്കെതിരെ നിയമവിരുദ്ധ നടപടികൾ തുടരുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.
നിയമവിരുദ്ധമായ പൊലീസ് അതിക്രമങ്ങൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം. പ്രതിഷേധിച്ചവരെയും അവരുടെ കുടുംബങ്ങളെയും വേട്ടയാടുന്ന നടപടികളിൽ നിന്ന് പൊലീസ് പിന്തിരിയണമെന്നും വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. നിലവിൽ റിമാൻഡിൽ ജയിലിൽ കഴിയുന്നവരുടെ വീടുകൾ വി ശിവൻകുട്ടി നേരിട്ട് സന്ദർശനം നടത്തിയിരുന്നു.










0 comments