ad
Deshabhimani

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്‌ നിരത്തിയനിലയിൽ

STONE.
വെബ് ഡെസ്ക്

Published on Jul 12, 2025, 09:46 PM | 1 min read

കണ്ണൂർ: വളപട്ടണം –- കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ കല്ല്‌ നിരത്തിയനിലയിൽ. ശനി പകൽ 3.15ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കടന്നുപോകുമ്പോഴാണ്‌ കല്ലുകൾ ശ്രദ്ധയിൽപ്പെട്ടത്‌. പതിനാലോളം കരിങ്കല്ലുകൾ നിരത്തിയനിലയിലായിരുന്നു. കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന്‌ ട്രെയിൻ എമർജൻസി ബ്രേക്കിട്ട്‌ വളപട്ടണം പാലത്തിൽ നിർത്തി. സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തശേഷമാണ്‌ വീണ്ടും യാത്ര തുടർന്നത്‌. സംഭവത്തിൽ ആർപിഎഫ്‌ രണ്ട്‌ ഒഡിഷ കുട്ടികളെ പിടികൂടി ചേദ്യംചെയ്‌ത്‌ വിട്ടു.

കഴിഞ്ഞ ദിവസം പുലർച്ചെ ഇതേ ഭാഗത്ത്‌ കൊച്ചുവേളി–- ഭാവ്‌നഗർ എക്‌സ്‌പ്രസ്‌ കടന്നുപോകുന്ന സമയം പാളത്തിൽ കോൺക്രീറ്റ്‌ സ്ലാബ്‌ വച്ചിരുന്നു. സംഭവത്തിൽ ട്രെയിൻ അട്ടിമറിക്ക് വളപട്ടണം പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഈ ഘട്ടത്തിലാണ്‌ ശനിയാഴ്‌ചയും കല്ല്‌ നിരത്തിയത്‌ ശ്രദ്ധയിൽപ്പെട്ടത്‌.

അതേസമയം കുട്ടികൾ കളിക്കുന്നതിനിടെ കാണിച്ച കുസൃതിയാണിതെന്ന്‌ പൊലീസ്‌ പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവൽക്കരിച്ചശേഷമാണ്‌ കുട്ടികളെ വിട്ടത്‌. വളപട്ടണം–-കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽച്ചീളുകളും കോൺക്രീറ്റ്‌ സ്ലാബുകളും വയ്‌ക്കുന്നത്‌ പതിവാണ്‌. സംഭവങ്ങൾ സ്ഥിരമാകുമ്പോഴും ബോധവൽക്കരണം മാത്രമാണ്‌ നടക്കുന്നത്‌. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാൻ റെയിൽവേയ്‌ക്ക്‌ കഴിയുന്നില്ല. ഈ ഭാഗങ്ങളിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിനുനേരെയും റെയിൽവേ മുഖംതിരിക്കുകയാണ്‌ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home