പണം പൊടിപൊടിക്കുന്നു; മന്ത്രിമാരുടെ ഓഫീസിലേക്ക് ടവൽ വാങ്ങാൻ 1.61 ലക്ഷം

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങൾ മോടികൂട്ടൽ തകൃതിയായി നടക്കുന്നതിനിടെ മന്ത്രി ഓഫീസുകളിലും പണം പൊടിപൊടിക്കുന്നു. മന്ത്രിമാരുടെ ഓഫിസുകളിലേക്കും ഉന്നത ഉദ്യോഗസ്ഥർക്കും ടവലുകൾ വാങ്ങാൻ 1.61 ലക്ഷം (1,61,700) രൂപയാണ് അനുവദിച്ചത്. 'സെക്രട്ടേറിയറ്റ്' എന്ന് എഴുതിയ 200 വിഐപി ടവലുകളും 100 ഹാൻഡ് ടവലുകളുമാണ് വാങ്ങുന്നത്.
കഴിഞ്ഞ ദിവസം ഒമ്പത് മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.96കോടി രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മോടികൂട്ടാൻ 1.35 കോടി രൂപയുും അനുവദിച്ചിട്ടുണ്ട്. എൻ ഷംസുദീനായി ക്ലിഫ് ഹൗസ് കോമ്പൗണ്ടിൽലെ നെസ്റ്റ് (40.67 ലക്ഷം), പി കെ ബഷീറിനായി നന്തൻകോട്ടെ ഉഷസ് (40.3), മോൻസ് ജോസഫിനായി ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പെരിയാർ (31.26), കെ എം ഷാജിക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പൗർണമി (40.81), രമേശ് ചെന്നിത്തലയ്ക്ക് ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ പമ്പ (31.43), വി ഇ അബ്ദുൾ ഗഫൂറിന് വെള്ളയമ്പലം കവടിയാർ ഹൗസ് (40.06), ഒ ജെ ജെനീഷിന് വെള്ളയമ്പലത്തെ മൻമോഹൻ ബംഗ്ലാവ് (81.06), ടി സിദ്ദിഖിന് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ഗംഗ (31.53), എം ലിജുവിന് വെള്ളയമ്പലത്തെ അജന്ത (58.74) എന്നിവിടങ്ങളിലാണ് മോടികൂട്ടൽ പുരോഗമിക്കുന്നത്.
ഖജനാവിൽ പണമുണ്ടെന്ന് ബോധ്യമായി
ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന മുൻ പ്രസ്‌താവന ശരിയല്ലെന്ന് വി ഡി സതീശന് മുഖ്യമന്ത്രിയായതോടെ ബോധ്യമായി. ട്രഷറിയിൽ പണമുള്ളതിനാലാണ് മേയിലെ ക്ഷേമ പെൻഷനായി 1070 കോടി രൂപ അനുവദിച്ചത്. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യം വർധിപ്പിക്കാനുള്ള തീരുമാനമെടുത്തതും ഇൗ ബലത്തിലാണ്.











0 comments