ad
Deshabhimani

അതുലിനെയും ദേവപ്രിയയെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും

SANJU

ദേവപ്രിയ ഷൈബു, സഞ്ജു സാംസൺ, ടി എം അതുൽ

വെബ് ഡെസ്ക്

Published on Oct 28, 2025, 10:22 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ റെക്കോഡ് നേട്ടം കൈവരിച്ച അതുലിനെയും ദേവപ്രിയയെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും. കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ സഞ്ജു സാംസണാണ് വിവരം പങ്കുവെച്ചത്. ഇടുക്കി കാൽവരിമ‍ൗണ്ട്‌ സി എച്ച്‌ എസിലെ ദേവപ്രിയ ഷൈബു സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിലാണ് റെക്കോർഡ് നേടിയത്. ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസിലെ ടി എം അതുൽ 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് സ്വന്തമാക്കി.


ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് കുട്ടികള്‍ നേടിയ നേട്ടങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടു. ശക്തമായ പിൻബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയർത്തിയേക്കാം. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കീഴിൽ സംസ്ഥാന ദേശീയ തലത്തിൽ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിർദേശങ്ങളും നൽകിക്കൊണ്ട് കുട്ടികൾക്ക് ഒരു പ്രൊഫഷണൽ അത്‌ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുമെന്നാണ് സഞ്ജു അറിയിച്ചത്.


Related News


ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാൻ സഞ്ജു സാംസൺ ഫൗണ്ടേഷനും താനും ഒപ്പമുണ്ടാകുമെന്നും സഞ്ജു പറഞ്ഞു.


സബ്‌ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കണ്ണൂ‍ർ സ്‌പോർട്‌സ്‌ ഡിവിഷനിലെ ബിന്ദു മാത്യു 1987ൽ കുറിച്ച 12.70 സെക്കൻഡ്‌ നേട്ടമാണ് ദേവപ്രിയ തിരുത്തിയത് (12.69 സെക്കൻഡ്‌). ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ജിവി രാജ സ്‌പോർട്‌സ്‌ സ്‌കൂ‍ളിലെ രാംകുമാർ 1988ൽ കുറിച്ച 10.90 സെക്കൻഡാണ് അതുൽ മായ്‌ച്ചത്. 10.81 സെക്കൻഡാണ്‌ അതുൽ ഓടിയെത്തിയത്. 200 മീറ്ററില്‍ 2017ല്‍ തിരുവനന്തപുരം സായിയുടെ സി അഭിനവിന്റെ (22.28 സെക്കന്‍ഡ്) നേട്ടമാണ് 21.87 സെക്കന്‍ഡില്‍ ഓടിയെത്തി അതുല്‍ മറികടന്നത്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home