'ശശികലയോടുള്ള അനുഭാവപൂർണമായ സമീപനം കെഎസ്‍യുവിനോട് കാണിക്കാം'; മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും രൂക്ഷവിമർശനുമായി കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി, കെപിസിസിയുടെ ജനറൽ സെക്രട്ടറി പി എം നിയാസിനെയും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാത്തതിന് പിന്നാലെയാണ് വിമർശനം. ഹിന്ദു ഐക്യവേദിയോട് കാണിച്ച അനുഭാവ പൂർണമായ സമീപനം ഇവരോടും കാണിക്കേണ്ടതായിരുന്നുവെന്ന് അനൂപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
നേരത്തെ ജാതിപ്പേര് ഉപയോഗിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി വി ആർ അനൂപ് രംഗത്തെത്തിയുരന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന സതീശൻ അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണമെന്നാണ് അനൂപ് അന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പി എം നിയാസ് എന്ന കെപിസിസിയുടെ ജനറൽ സെക്രട്ടറി, തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ, കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇതുവരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും ആർ വി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണമായ സമീപനമെങ്കിലും കെപിസിസിയുടെ ജനറൽ സെക്രട്ടറിയോടും കെഎസ്‍യുവിൻ്റെ സംസ്ഥാന പ്രസിഡൻ്റിനോടും കാണിക്കേണ്ടതായിരുന്നു എന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ.











0 comments