ad
Deshabhimani

ഇതാണ് ഇച്ഛാശക്തി

sabarimala 2
avatar
ആർ രാജേഷ്‌ 
[email protected]

Published on Jan 18, 2026, 09:24 AM | 2 min read

സമഭാവനയുടെ സങ്കല്‍പ്പം ലോകത്തിന് പകര്‍ന്നുനല്‍കുന്ന വിശ്വതീര്‍ഥാടനകേന്ദ്രമായ ശബരിമലയെപ്പോലെ മറ്റൊരു ആരാധനാലയം ലോകത്തുണ്ടാകില്ല. ക്ഷേത്രത്തിനുമുന്നില്‍ ആലേഖനം ചെയ്‌തിട്ടുള്ളത്‌ ‘തത്ത്വമസി’ എന്നാണ്‌. ‘അതു നീയാകുന്നു’ എന്നർഥം. എല്ലാവരും ഒന്നാകുന്ന സമത്വമെന്ന ആശയം ലോകമൊട്ടാകെ എത്തിക്കുകയാണ്‌ ഇവിടം. മതാതീത ആത്മീയതയുടെ സൂര്യതേജസ്സായി നിലകൊള്ളുന്ന ക്ഷേത്രത്തിന്റെയും ക്ഷേത്രസങ്കേതത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിച്ച്‌ തീർഥാടകർക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഒരു തീർഥാടനകാലംകൂടി കടന്നുപോയി. പലപ്പോഴും ഭക്തജനസാഗരം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള സാന്നിധ്യം. ഇത്രയേറെ ആളുകള്‍ എത്തുമ്പോള്‍ ദർശനം സുഗമമാക്കാനും തീര്‍ഥാടനം ആയാസരഹിതമാക്കാനും വലിയ തോതിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്‌. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സർക്കാരും ഇത്തവണയും നടപടികൾ സ്വീകരിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനംതന്നെയായിരുന്നു ഇവിടെ താരം. 18,741 പൊലീസുകാരാണ്‌ ആറുഘട്ടമായി സേവനമനുഷ്‌ഠിച്ചത്‌. അവരുടെ ശ്രമകരമായ ഇടപെടലിലൂടെ മിനിറ്റിൽ 90 തീർഥാടകരെവരെ പതിനെട്ടാംപടി കടത്തിവിട്ടു.

വനംവകുപ്പ്‌, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്‌ തുടങ്ങി 33 സർക്കാർവകുപ്പുകളും ഒരു മെയ്യായാണ്‌ പ്രവർത്തിച്ചത്‌. കാനനപാതകളിൽപ്പോലും ആരോഗ്യസഹായകേന്ദ്രങ്ങൾ തുറക്കാനായി. കെഎസ്ആർടിസിയുടെ സ്‌തുത്യർഹസേവനമായിരുന്നു. അരവണയും അപ്പവുമൊക്കെ യഥേഷ്‌ടം വിതരണം ചെയ്‌തു. അന്നദാനമായി കേരളീയസദ്യ വിളമ്പാൻ കഴിഞ്ഞതും ഇത്തവണത്തെ പ്രത്യേകതയാണ്‌. 51 ലക്ഷം തീർഥാടകരാണ് ഇക്കാലയളവിൽ ദർശനത്തിന്‌ എത്തിയത്‌. മകരവിളക്കുദിവസം രണ്ടുലക്ഷത്തിലധികവും. ജനുവരി 16 വരെയുള്ള കണക്കനുസരിച്ച്‌ 454.54 കോടിയുടെ വരുമാനമുണ്ടായി. കഴിഞ്ഞതവണ ഇത്‌ 405.36 കോടിയായിരുന്നു. ഒരുക്കത്തിന്റെ ‘മാലയിട്ടത്‌’ അഞ്ചുമാസംമുന്പേ പതിവിന്‌ വ്യത്യസ്‌തമായി ഇക്കുറി ഒരുക്കങ്ങൾ അഞ്ചുമാസംമുന്പേ തുടങ്ങി. തലസ്ഥാനത്തും പമ്പയിലുമായി മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വംമന്ത്രി വി എൻ വാസവൻ, ആരോഗ്യമന്ത്രി വീണാ ജോർജ്‌ തുടങ്ങിയവർ പങ്കെടുത്ത്‌ നിരവധി യോഗങ്ങളാണ്‌ ചേർന്നത്‌. ഇടത്താവളങ്ങളിലും കാലേക്കൂട്ടിത്തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കാനായി. കാനനപാതകളിലും ഹൈക്കോടതി നിർദേശാനുസരണമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിങ്ങിലൂടെയുമുള്ള നിയന്ത്രണം എല്ലാവർക്കും ദർശനം സാധ്യമാക്കി. ​കാൽനൂറ്റാണ്ട്‌ 
മുന്നിൽ കണ്ടുള്ള വികസനം ​സന്നിധാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ മാനിച്ചാണ്‌ അതിനുള്ള പ്രത്യേക ലേഔട്ട് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശബരിമലയിൽ എത്തുന്നവർക്ക്‌ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കിവരുന്നത്‌. ഇവിടത്തെ ആചാരാനുഷ്‌ഠാനങ്ങളും പ്രകൃതിയും സംരക്ഷിച്ച്‌ പില്‍ഗ്രിം ടൂറിസം സാധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കുകയെന്ന അതിപ്രധാന ലക്ഷ്യവും മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. നിലവിൽ എത്തുന്നതിന്റെ ഇരട്ടിയാളുകൾക്ക്‌ ശബരിമലയിൽ ദർശനത്തിനുള്ള സ‍ൗകര്യമാകുമിത്‌ ഒരുക്കുക. ഇതിനൊക്കെയായി സംസ്ഥാന സർക്കാർ 2016-–17 കാലയളവിൽ ശബരിമലയ്‌ക്കായി നല്‍കിയത് 220.78 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി, സാനിട്ടേഷന്‍ സൊസൈറ്റിക്ക് 20.42 കോടി, ഇടത്താവളം പദ്ധതികള്‍ക്ക്‌ 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിനുപുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടിയും 2028–33 വരെയുള്ള രണ്ടാംഘട്ടത്തിന് 100.02 കോടിയും 2034-–39 വരെയുള്ള മൂന്നാംഘട്ടത്തിന് 77.68 കോടിയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍പ്രകാരം ചെലവ് പ്രതീക്ഷിക്കുന്നത്. പമ്പയുടെ വികസനത്തിന്‌ ആദ്യഘട്ടമായി 184.75 കോടിയും 2028–-33 വരെയുള്ള രണ്ടാംഘട്ടത്തിന് 22.73 കോടിയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപ ചെലവ് കണക്കാക്കുന്നു.

ട്രക്ക്റൂട്ടിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 32.88 കോടിയും രണ്ടാംഘട്ടത്തിന് 15.50 കോടിയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചെലവ് 255.45 കോടി രൂപയാണ്. റോപ്‍വേ യാഥാര്‍ഥ്യത്തിലേക്ക് 17 വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്‌വേ പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിക്ക്‌ ഏറ്റെടുക്കുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ വില്ലേജിൽ സർവേ 976/1ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന്‌ കൈമാറി. ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക്‌ ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്‌വേയുടെ നീളം 2.7 കിലോമീറ്ററാണ്. നിർമാണം പൂർത്തിയാകുന്നതോടെ 10 മിനിറ്റിൽ പമ്പയിൽനിന്ന്‌ സന്നിധാനത്തെത്താം. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ കൊണ്ടുവരുന്ന ആംബുലൻസായും സാധനസാമഗ്രികൾ ചെലവുകുറച്ച്‌ സന്നിധാനത്തെത്തിക്കാനുമാണ്‌ സംവിധാനം പ്രധാനമായും ഉപയോഗിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home