ad
Deshabhimani

കേരളത്തിലെ ആശുപത്രികൾ അത്ഭുതപ്പെടുത്തി; അനുഭവം പങ്കുവെച്ച് റഷ്യൻ യുവതി

russian-tourist-praises-kerala.jpg

റഷ്യൻ യുവതി നതാലിയ

avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Feb 27, 2026, 10:11 AM | 2 min read

പരിയാരം (കണ്ണൂർ): കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ കണ്ട്‌ റഷ്യക്കാരി നതാലി അത്ഭുതപ്പെടുകയാണ്‌. ശസ്‌ത്രക്രിയാമുറിയിൽ ടെൻഷനടിച്ചപ്പോൾ റഷ്യൻ ഗാനങ്ങൾ കേൾപ്പിച്ച്‌ കൂളാക്കിയ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആതിഥ്യമര്യാദ ഉൾപ്പെടെ നൂറുകാര്യങ്ങളുണ്ട്‌ നതാലിയക്ക്‌ ലോകത്തോട്‌ പറയാൻ.


സ്‌കൂട്ടറിൽനിന്ന്‌ വീണ്‌ കൈക്കുണ്ടായ പരിക്കുമായാണ്‌ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നതാലിയ എത്തിയത്‌. ആശുപത്രിയിലെ സ‍ൗജന്യ സേവനങ്ങളും ആധുനിക സ‍ൗകര്യങ്ങളും പരിചരണവും യുവതിയുടെ ഹൃദയം കവർന്നു. തൃക്കരിപ്പൂർ ചേതനയോഗാ സെന്ററിൽ സ്റ്റേറ് റിസോഴ്‌സ് സെന്റർ നടത്തുന്ന യോഗാ പരിശീലന ഡിപ്ലോമ കോഴ്‌സ്‌ വിദ്യാർഥിനിയാണ്‌ ഇ‍ൗ യോഗാ ഗവേഷക. കേരളത്തിൽ ഇ‍ൗ കോഴ്‌സിനെത്തിയ ഏക വിദേശ വിദ്യാർഥിനിയാണ് ഇവർ. തൃക്കരിപ്പൂർ വലിയപറമ്പിലാണ്‌ താമസം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ വീണാണ്‌ ഇടതുകൈക്ക് പരിക്കേറ്റത്‌. ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയക്കായി എൺപതിനായിരം രൂപയിലധികം വേണ്ടിവരുമന്ന് അറിയിച്ചു. ഇതേതുടർന്ന് കഴിഞ്ഞ പത്തിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനകൾക്കുശേഷം അടിയന്തര ശസ്ത്രക്രിയ നടത്തി. കൈത്തണ്ട ഒടിഞ്ഞതിനുള്ള ഓപ്പൺ റിഡക്ഷൻ ഇന്റേണൽ ഫിക്‌സേഷൻ ശസ്‌ത്രക്രിയക്ക്‌ വിധേയയായ യുവതി ആറുദിവസത്തിനുശേഷം ആശുപത്രി വിട്ടു.


‘‘ശസ്ത്രക്രിയക്കുമുന്പായുള്ള ആധുനിക പരിശോധനകളും അവയുടെ രീതികളും എന്നെ അത്‌ഭുതപ്പെടുത്തി. പ്രൊഫഷണൽ വൈദഗ്ധ്യമുള്ള ചികിത്സയും പരിചരണവും ലോകത്തിന് മാതൃകയാണ്. ബന്ധുക്കളാരും ഒപ്പമില്ലാതെ മറ്റൊരു രാജ്യത്ത്‌ കഴിയുന്നയാളാണ്‌ ഞാൻ. നല്ല ടെൻഷനുണ്ടായിരുന്നു. കൈയിൽ അധികം പണമില്ല. ഡോക്ടർമാരും നഴ്സുമാരും അലിവോടെയാണ്‌ എന്നോട്‌ പെരുമാറിയത്‌. അത്‌ ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകി’’– നതാലിയയുടെ വാക്കുകളിൽ മാറിയ കേരളത്തിന്റെ ചിത്രം തെളിയുന്നു. തുടർചികിത്സക്കായി വ്യാഴാഴ്‌ചയും യുവതി ആശുപത്രിയിൽ എത്തിയിരുന്നു.


വളരെ ചുരുങ്ങിയ പണം മാത്രമാണ്‌ നതാലിയക്ക്‌ ചെലവായത്‌. ഇത്തരം ശാസ്ത്രക്രിയക്ക് റഷ്യ ഉൾപ്പെടെ ഉള്ള പശ്ചാത്യരാജ്യങ്ങളിൽ വലിയ ചെലവുണ്ടെന്ന്‌ നതാലിയ പറയുന്നു. കൃത്യസമയത്ത് വിദഗ്‌ധ ചികിത്സ നൽകിയതിനാൽ നതാലിയ വേഗം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. നതാലിയയെ ചികിത്സിച്ച ഓർത്തോ വിഭാഗം ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home