രേഖകളില്ലാതെ കടത്തിയ 72.25 ലക്ഷം പിടിച്ചു; ആന്ധ്ര സ്വദേശികൾ അറസ്റ്റിൽ

കുറവിലങ്ങാട്: ബംഗളൂരുവിൽനിന്നും വന്ന ബസിൽ രേഖയില്ലാതൈ കടത്തിയ 72.25 ലക്ഷം രൂപയുമായി രണ്ട് ആന്ധ്ര സ്വദേശികളെ എക്‌സെൈസ് പിടികൂടി. ആന്ധ്ര അനന്തപൂർ സ്വദേശികളായ ഷെയ്ക് ജാഫർ വാലി (60), രാജംപെട്ട ഷാഷാവാലി (29) എന്നിവരാണ് പിടിയിലായത്. ക്രിസ്‌തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരികടത്ത് പിടികൂടുന്നതിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ബംഗളൂരുവിൽനിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന ദീർഘദൂര ബസ് എംസി റോഡിലെ കോഴായിലാണ് കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. കോട്ടയം ആദായനികുതി വകുപ്പ് ഓഫീസിൽ ഇവരെ കൈമാറി. അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, പ്രിവന്റീവ് ഓഫീസർ തോമസ് ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ നാരായണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മനിഷ എന്നിവർ പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.








0 comments