ad
Deshabhimani

തുറന്നത്‌ മെറ്റീരിയൽ റൂം; സ്ട്രോങ്‌ റൂം തുറന്നിട്ടില്ല

Polling Record Room.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 21, 2026, 12:12 AM | 1 min read

കോഴിക്കോട്‌: പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറന്നത്‌ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും വോട്ടിങ്‌ മെഷീനുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോങ്‌ റൂം തുറന്നിട്ടില്ലെന്നും ജില്ലാ വരണാധികാരിയായ കലക്ടർ അറിയിച്ചു. ജെഡിടി ഇസ്ലാം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ മെറ്റീരിയല്‍ റൂം സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ്‌ തിങ്കളാഴ്ച പകൽ 11.15ന്‌ തുറന്നത്‌. അത്‌ സീൽ ചെയ്ത മുറിയായിരുന്നില്ല. വോട്ടെടുപ്പിനു ശേഷം വോട്ടിങ്‌ മെഷീനുകളും വരണാധികാരി സൂക്ഷിക്കേണ്ട ഡയറിയടക്കമുള്ള രേഖകളും ജെഡിടിയിലേക്ക് പൊലീസ്‌ സംരക്ഷണയില്‍ കൊണ്ടുവന്നിരുന്നു.


ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്‌ട്രോങ്‌ റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല. എന്നാല്‍ വരണാധികാരി കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല.


കമീഷന്റെ നിർദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ടത്‌ തിങ്കളാഴ്ചയായിരുന്നു. ഇതിന്റെ ഭാഗമായി പ്രിസൈഡിങ്‌ ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്‌ഡേറ്റ് ചെയ്യാനാണ്‌ തിങ്കളാഴ്ച മുറി തുറന്നത്‌. എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്‌സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് കെ ശഹ്‌സാദ് എന്നിവരുടെ സാന്നിധ്യത്തിലാണ്‌ മുറി തുറന്നത്‌. പകൽ 1.50ന് മുറി പൂട്ടിയതായും കലക്ടർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home