റിയൽ കേരള സ്റ്റോറി

ഒരു മുസ്ലിം ചെറുപ്പക്കാരൻ നമ്പൂതിരിയുടെ ഇല്ലത്ത് താമസിക്കുക, അവിടെ നിസ്‌കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുക. അതും ഒന്നും രണ്ടും വർഷമല്ല. 17 വർഷം. കോഴിക്കോട് തിരുവണ്ണൂരിലെ കാരുണ്യം എന്ന വീട്ടിൽ, ഇല്ലത്താണ് അവിശ്വസനീയവും സ്വപ്‌നതുല്യവുമായ ഈ മാനവിക ജീവിതം. വണ്ണാത്തിപ്പുഴ ചേലചുറ്റി കൈതോലകളിൽ കാറ്റെഴുതുന്ന നാട്ടിൽനിന്ന് എത്തിയ മലയാളത്തിന്റെ സംഗീത സുകൃതം കൈതപ്രം, കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഈ റിയൽ കേരള സ്‌റ്റോറിയുടെ ശിൽപ്പി. മലപ്പുറം കാളികാവിലെ ജംഷീറും കൈതപ്രവും നയിക്കുന്ന അപൂർവ സ്‌നേഹസാഹോദര്യം കേരളീയരാകെ അറിയേണ്ടതാണ്.
പി കൃഷ്‌ണപിള്ളയും എ കെ ജിയും ഇ എം എസും ഇ കെ നായനാരുമടക്കമുള്ള നേതാക്കളെ കണ്ട് വളർന്നതാണ് കൈതപ്രത്തിന്റെ ബാല്യം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഒളിവിൽ പ്രവർത്തിക്കാൻ ആതിഥ്യമരുളിയ കുട്ടിക്കാലത്തിന്റെ സ്‌മരണ തുടിക്കുന്ന കണ്ണൂർ കൈതപ്രത്തെ കണ്ണാടി ഇല്ലത്തിൽ പിറന്ന മലയാളത്തിന്റെ സർഗസംഗീതപ്രതിഭ കൈതപ്രത്തിനും കുടുംബത്തിനുമൊപ്പം, നിഴലായി സന്തതസഹചാരിയായി, മകനായി എല്ലാം ജംഷീറുണ്ട്. തിരുവണ്ണൂരിലെ സംഗീതം പ്രഭ പരത്തുന്ന കാരുണ്യം ഇല്ലത്തിൽനിന്നുള്ള സാഹോദര്യത്തിന്റെ വിശ്വമാനവികതയുടെ സൗരഭ്യം പൊഴിയുന്ന ഈ അനുഭവം കഥയോ വാർത്തയോ അല്ല, യഥാർഥ ജീവിതമാണ് ‘ദ റിയൽ കേരള സ്‌റ്റോറി’. നമ്പൂതിരി എന്ന വാൽ തന്റെ പേരിനൊപ്പം ചേർത്ത് പറയരുതെന്ന് വർഷങ്ങൾക്കുമുമ്പ് പരസ്യമായി ആവശ്യപ്പെട്ട കൈതപ്രം.
കൈതപ്രം
എന്റെ വീട് കാരുണ്യത്തിലെ പൂജാമുറിയിൽ മൂകാംബികയിലെ മണ്ണുണ്ട്, മെക്കയിൽനിന്നും ജറുസലേമിൽനിന്നും കൊണ്ടുവന്ന മണ്ണുമുണ്ട്. മൂകാംബികയിലെ കെടാവിളക്ക് പ്രകാശിക്കുന്ന ഈ മുറിയിൽ പൂക്കളൊരുക്കുന്നത് ജംഷീറാണ്. എനിക്കും ദേവിക്കും ദീപനും ദേവനും പ്രിയപ്പെട്ടവനാണവൻ. എല്ലാത്തിനെയും ആരാധിക്കുന്ന വേർതിരിവില്ലാത്ത മനുഷ്യന് പ്രാധാന്യം നൽകുന്ന നന്മയെയും സ്‌നേഹത്തെയും പ്രതിഷ്‌ഠിക്കുന്നതാണ് യഥാർഥ ഈശ്വരചിന്തയും വിശ്വാസവും. അതാണ് പിന്തുടരുന്നത്. ഈ ചിന്തയ്‌ക്ക് ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ പ്രസക്തിയുണ്ടെന്നാണ് കരുതുന്നത്.
ഇത് പുറത്ത് പ്രസംഗിക്കാനെളുപ്പമാണ്. എന്നാൽ, 17 കൊല്ലമായി ജംഷീർ ഞങ്ങളുടെ വീട്ടിലുണ്ട്, വീട്ടുകാരനായി മകനായി. എനിക്കും ദേവിക്കും പിറന്ന ദീപനെയും ദേവനെയും പോലെ മകനായി. കുടുംബാംഗമാണ് ഞങ്ങൾക്കവൻ. അവന്റെ മതം, വിശ്വാസം, ആരാധന അതൊക്കെ ഇവിടെ മുടക്കമില്ലാതെ അവന്റെ താൽപ്പര്യാർഥം നടത്തുന്നു. പ്ലസ് ടു വിദ്യാർഥിയായിരിക്കവെയാണ് കാളികാവിൽനിന്ന് ജംഷീർ വരുന്നത്. അതിനുമുമ്പ് കത്തുകളയക്കുമായിരുന്നു. ഇവിടെ കഴിയണമെന്ന് പറഞ്ഞു. ബികോം പഠിച്ചതും തുടർ ജീവിതവുമെല്ലാം ഈ വീട്ടിലാണ്. ഞങ്ങളുടെ സ്വാതിതിരുനാൾ സംഗീതകലാകേന്ദ്രത്തിന്റെ നടത്തിപ്പ് അവനാണിപ്പോൾ.
സാഹോദര്യത്തെയും സ്‌നേഹത്തെയും മതമോ ദേശമോ രാജ്യാതിർത്തികളോ വച്ച് വിഭജിക്കാവുന്നതല്ല. മനസ്സുകൾക്ക് ആർക്കാണ് മതിലും അതിർത്തിയും സൃഷ്ടിക്കാനാവുക. അവ സ്‌നേഹത്തിൽ, കരുണയിൽ, നന്മയിൽ, മാനുഷിക മൂല്യങ്ങളിൽ ഐക്യപ്പെടും. അതിനെ ആർക്കാണ്, എങ്ങനെയാണ് രാജ്യാതിർത്തികെട്ടി തടയാനാവുക. പറയുന്ന കാര്യങ്ങൾ വീടിനു പുറത്തല്ല വീട്ടിലാണ് പുലർത്തേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കലാജീവിതത്തിൽ, പാട്ടിൽ, കവിതയിൽ, സംഗീതത്തിൽ ഈ വിശ്വാസത്തെ പ്രകാശിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പറയുന്ന മൂല്യം ജീവിതത്തിൽ നമുക്ക് സൂക്ഷിക്കാനാകണം. മറ്റുള്ളവർക്ക് മാതൃകയാക്കാനാകണം. ജംഷീർ ഞങ്ങളുടെ കുടുംബാംഗമായി വീട്ടുകാരനായി ജീവിക്കുന്നത് ഞാൻ പറഞ്ഞ് നടക്കാറില്ല. മദ്രസയിൽ പഠിക്കുന്ന കാലത്തേ കത്തയക്കും, സംശയങ്ങൾ തെരക്കും. മതത്തെപ്പറ്റി, തത്വചിന്തയെക്കുറിച്ച് ചില ആശയങ്ങളും സംശയങ്ങളും ഉന്നയിക്കും. വളരെ പാവപ്പെട്ട കുടുംബമാ. അനാഥാലയത്തിലൂടെയാണ് പഠിച്ചത്. ഒരിക്കൽ വന്നപ്പോ ഇനി ഞാൻ പോകുന്നില്ല ഇവിടെ കഴിയണം എന്നു പറഞ്ഞു. അന്ന് ഈ വീട് ആയിട്ടില്ല. സ്വാതി തിരുനാൾ സംഗീതകലാകേന്ദ്രമുണ്ടായിരുന്നു. അവിടെ നിയോഗിച്ചു. അവൻ നിസ്‌കരിക്കും. നോമ്പെടുക്കും. ഇവിടത്തന്നെയാണ് നോമ്പ് തുറ.
അവന്റെ മതം, വിശ്വാസം അതവൻ പാലിക്കുന്നു. മതനിഷേധം പാടില്ല, അത് അതിന്റെ മൂല്യത്തിൽ പിന്തുടരണമെന്നേ അവനോട് പറഞ്ഞിട്ടുള്ളൂ. എല്ലാവരും മതേതരത്വവും സാഹോദര്യവും പ്രസംഗിക്കും. മനസ്സിൽ മതവും ജാതിയുമാകും. എനിക്ക് വാക്കല്ല പ്രവൃത്തിയാണ് പ്രധാനം. ആവിഷ്‌കാരത്തിന് അടിത്തറ സ്‌നേഹം. മനുഷ്യാനാം മനുഷ്യത്വമെന്ന് ശ്രീനാരായണ ഗുരുവടക്കം പറഞ്ഞതിന് വലിയ പ്രസക്തിയുണ്ടിന്ന്. സാഹോദര്യത്തിന്, സഹിഷ്‌ണുതയാർന്ന ജീവിതത്തിന് ഇന്നത്തെ കാലത്ത് ആർക്കെങ്കിലും ഈ അനുഭവം പ്രചോദനമായാൽ സന്തോഷമായി, സാർഥകമായി. കമ്യൂണിസ്റ്റ് നേതാക്കൾ എ കെ ജിയും കൃഷ്‌ണപിള്ളയും ഇ എം എസും കടന്നുവന്ന, അവർക്ക് അഭയമേകിയ വീടുകളായിരുന്നു ഞങ്ങളുടേതൊക്കെ. (ഭാര്യ ദേവിയുടെ അച്ഛൻ ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി–-സിനിമാനടൻ–- ആ രാഷ്‌ട്രീയ പാരമ്പര്യത്തിൽ ജീവിതാവസാനംവരെ അഭിമാനിച്ചിരുന്നു). അത്തരം മഹാന്മാരായ നേതാക്കളെ കണ്ടാണ് ചെറുപ്പത്തിലേ വളർന്നത്. ബ്രാഹ്മണ്യത്തിന്റെ ആഢ്യകുലീനത്വമോ ജന്മിത്തത്തിന്റെ പ്രാമാണികതയോ അല്ല മനുഷ്യരെ സമന്മാരായി കാണുന്ന ജീവിതകാഴ്‌ചപ്പാടാണ് കൈതപ്രം ഗ്രാമവും കണ്ണാടി ഇല്ലവും പഠിപ്പിച്ചിട്ടുള്ളത്. ആ വലിയ പാഠം ചെറിയ രൂപത്തിലെങ്കിലും പിന്തുടരാൻ സാധിച്ചാൽ ജീവിതം ധന്യമായി.
‘മഴവില്ലിനറ്റംവരെ’
പൊറുക്കുന്നവരുടെ കൂടെയാണ് അള്ളാഹുണ്ടാവുക എന്നത് ഖുറാനിൽ ആകർഷിച്ച മഹദ് വചനമാണ്. മറക്കാനും പൊറുക്കാനും കഴിയുന്നതാണ് ജീവിതത്തിൽ പ്രധാനം. ഈ ആശയം ആസ്‌പദമാക്കി ഒരു സിനിമ ഒരുക്കുന്നുണ്ട്. കഥയും സംവിധാനവും ഞാൻ നിർവഹിക്കുന്ന സിനിമ ‘മഴവില്ലിനറ്റംവരെ’യുടെ തിരക്കഥ ടി എ റസാഖ്. കുറെ വർഷമായി ഈ സംരംഭത്തിലാ. എനിക്കത് പുറത്തിറക്കാനായില്ല. മഴവില്ലിന് എവിടെയാണ് അതിർത്തി വരയ്‌ക്കുക എന്ന സന്ദേശമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ടിൽനിന്നുള്ള പാകിസ്ഥാൻകാരനാണ് പ്രധാന നടൻ. പാകിസ്ഥാനിൽനിന്നുള്ളവരെ കിട്ടുക പ്രയാസമായതിനാൽ ഇംഗ്ലണ്ടുകാരനായ പാകിസ്ഥാൻ സ്വദേശിയെ കണ്ടെത്തി അഭിനയിപ്പിച്ചു. പാക് പൗരൻ കേരളത്തിലെത്തുന്നു, കളിക്കുന്നു. അദ്ദേഹം നേരിടുന്ന പ്രയാസങ്ങൾ. ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇവിടെ കഴിയുന്നതാണ് മഴവില്ലിനറ്റംവരെയുടെ കഥ.
ജീവിതത്തിൽ സ്‌നേഹത്തിന്റെ, നന്മയുടെ മാനവികതയുടെ മഴവില്ലുകളാണാവശ്യം. അവ മായ്‌ക്കുന്ന കാർമുകിലുകൾ ഉരുണ്ടുകൂടുമ്പോൾ നമുക്ക് മാരിവില്ല് തീർക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നാണ് എന്നിലെ കലാകാരൻ, മനുഷ്യൻ പറയാൻ ശ്രമിക്കുന്നത്. ഈ കഥയിലും എന്നിലും വിശ്വസിച്ച് ലക്ഷങ്ങൾ നിർമാണത്തിനായി മുടക്കിയ വലിയ മനുഷ്യസ്‌നേഹിയാണ് നിർമാതാവ്. വർഷങ്ങളായിട്ടും അദ്ദേഹം ചോദിച്ചിട്ടില്ല എന്തായി സിനിമ എന്ന്. ദാസേട്ടൻ (യേശുദാസ്) പാടിയതടക്കമുള്ള പാട്ടുകളുണ്ടിതിൽ. മധു അഭിനയിച്ചിട്ടുണ്ട്. മകൻ ദീപാങ്കുരനാണ് സംഗീത സംവിധാനം. ഈ വർഷം അത് പൂർത്തിയാക്കി തിയറ്റിറലെത്തിക്കണം. അതിർത്തികളെച്ചൊല്ലിയുള്ള കലഹത്തിലൊക്കെ എന്ത് കാര്യം എന്ന് ഈ സിനിമ ചോദിക്കുന്നുണ്ട്.
ജംഷീർ പറയുന്നു
പതിനേഴ് വർഷമായി ഞാൻ കൈതപ്രം സാറിനൊപ്പമുണ്ട്, ഈ വീട്ടിൽ. കാളികാവ് അഞ്ചശ്ശുപടിയാണ് നാട്. ബികോം പഠിച്ചത് ഇവിടെനിന്നാണ്. പ്ലസ് വൺമുതൽ ഞാനിവിടുണ്ട്. 34 വയസ്സായി. കുഞ്ഞുന്നാളിലേ വായിക്കുമായിരുന്നു. വായനയിലൂടെയാണ് സാറിനെ അറിഞ്ഞത്. ഞാൻ ചിന്തിക്കുന്നതും സാറ് പറയുന്നത് ഒരേ കാര്യമായിരുന്നു. കവിതകളിലൂടെ, എഴുത്തിലൂടെ പങ്കിടുന്ന ആശയങ്ങൾ ആകർഷിച്ചു. വാക്കുകൾ ഒട്ടിച്ചുവയ്‌ക്കാതെ കൃത്രിമത്വമില്ലാതെ ലളിതമായി പറയുന്നു. ഇവിടത്തെ ത്രിമൂർത്തി സങ്കൽപ്പം മക്ക–-ജറുസലേം–- മൂകാംബികയാണ്. ഇസ്ലാം മതവിശ്വാസികൾക്ക് പ്രധാനമാണ് മക്ക. ക്രൈസ്‌തവർക്ക് ജറുസലേം പുണ്യഭൂമിയാണ്.
ഹൈന്ദവ വിശ്വാസികൾ മൂകാംബികാദേവിയെ ആരാധിക്കുന്നു. ആ മൂന്നും തിരുവണ്ണൂരിലെ ഈ വീട്ടിൽ ഒത്തുചേർന്നിരിക്കുന്നത് ഞാൻ കണ്ടു. അതനുഭവിച്ചു. അതിന്റെ ആനന്ദം, ആഹ്ലാദം, ആമോദം അതെല്ലാം നുകർന്നാണ് ഇവിടെ ജീവിക്കുന്നത്. കേൾക്കുമ്പോൾ അവിശ്വസനീയമാകും. എന്റെ ജീവിതമാണിത്. എന്റെ വിശ്വാസങ്ങൾ അതേ പടി പാലിച്ചാണ് ഞാനിവിടെ കഴിയുന്നത്. നിസ്‌കാരങ്ങൾ നടത്തും, നോമ്പനുഷ്‌ഠിക്കും. ഈ റമദാനിലും അത് പാലിക്കുന്നു. എന്റെ നോമ്പ്‌തുറ, സന്ധ്യക്കും രാവിലും അതിനുള്ള സൗകര്യങ്ങൾ എല്ലാം ഇവിടുണ്ട്. ഞാനിതേപോലൊരു ലോകം, വീട്, മനുഷ്യൻ മറ്റെവിടെയും കണ്ടിട്ടില്ല. ഇപ്പോൾ ഉപ്പയും ഉമ്മയുമില്ല. നാല് സഹോദരങ്ങളുണ്ട്. അവരുമായി അടുത്ത ബന്ധം തുടരുന്നു. സാറ് എനിക്കൊരു വണ്ടി വാങ്ങിത്തന്നു. അതുമായി ഇടയ്‌ക്കെല്ലാം വീട്ടിലും നാട്ടിലും പോകും.










0 comments