റെയിൽവേ ജോലിതട്ടിപ്പ് കേസില്‍ പ്രതിയായ കോൺഗ്രസ് നേതാവ് ബിജെപിയിൽ

ലാൽചന്ദ് കണ്ണോത്തിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
തലശേരി: റെയിൽവേയിൽ ജോലിവാഗ്‌ദാനംചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് ലാൽചന്ദ് കണ്ണോത്ത് ബിജെപിയിൽ ചേർന്നു. തലശേരിയിൽ കണ്ണൂർ സൗത്ത് ജില്ലാകമ്മിറ്റി ഓഫീസ് ഉദ്‌ഘാടനചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയുക്ത എംപി സി സദാനന്ദൻ, പി കെ കൃഷ്‌ണദാസ് ഉൾപ്പെടെയുള്ളവരും സ്വീകരണത്തിൽ പങ്കെടുത്തു. കോൺഗ്രസ് ചക്കരക്കല്ല് ബ്ലോക്ക് മുൻ എക്‌സിക്യൂട്ടീവംഗവും സംസ്‌കാര സാഹിതി ധർമടം മണ്ഡലം ചെയർമാനും കണ്ണൂർ മക്രേരി സ്വദേശിയുമാണ്.
റെയിൽവേയുടെ വ്യാജരേഖയുണ്ടാക്കി കമേഴ്‌സ്യൽ ക്ലർക്ക് ജോലി ശരിയാക്കിതരാമെന്ന് വിശ്വസിപ്പിച്ചാണ് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയത്. ചക്കരക്കല്ല്, തലശേരി പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. ചക്കരക്കല്ല് സ്‌റ്റേഷനിൽ നാലുപേർ നൽകിയ പരാതിയിൽമാത്രം 55,60,000 രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വ്യാജനിയമന ഉത്തരവടക്കം നൽകിയാണ് നാട്ടുകാരെ വഞ്ചിച്ചത്. കേസിൽനിന്ന് രക്ഷിക്കാമെന്ന ധാരണയിലാണ് ബിജെപിയിൽ ചേർന്നതെന്നാണ് ലാൽചന്ദുമായി അടുപ്പമുള്ളവർ പറയുന്നത്. കേസ് അന്വേഷണം ജില്ലാക്രൈംബ്രാഞ്ച് ഏറ്റെടുത്തു.









0 comments