Deshabhimani

അമിത വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങൽ; സർക്കാർ നീക്കം അധികാര ദുർവിനിയോഗം: എളമരം കരീം

Elamaram Kareem
വെബ് ഡെസ്ക്

Published on Nov 03, 2026, 08:17 PM | 1 min read

തിരുവനന്തപുരം: അമിത വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാനുള്ള സർക്കാരിന്റെ നീക്കം അധികാര ദുർവിനിയോഗമാണെന്ന്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ എളമരം കരീം. ടെൻഡറിലൂടെയോ റെഗുലേറ്ററി കമീഷൻ അംഗീകരിക്കുന്ന നിരക്കിലോ മാത്രമേ വൈദ്യുതി വാങ്ങാൻ നിയമമുള്ളു. ഓഫറുകളുടെ അടിസ്ഥാനത്തിൽ സർക്കാരിനോ കെഎസ്ഇബിക്കോ വൈദ്യുതി വാങ്ങാനാകില്ല. നിയമവ്യവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയതെന്നും എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്ന്‌ (ജിഎൻഎ) വൈദ്യുതി വാങ്ങാനുള്ള ഫയൽ ഒക്ടോബർ ആദ്യവാരത്തിൽ തുടങ്ങുമ്പോൾ യൂണിറ്റിന്‌ 8.48 രൂപയായിരുന്നു ഓഫർ. പിന്നീടിത്‌ 8.63 രൂപയായി ഉയർന്നു. കരാർ വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന്‌ ബോധ്യപ്പെട്ടതോടെ രണ്ടാഴ്ചയ്ക്കിടെ ആറുതവണയെങ്കിലും ബോർഡ്‌ ഇക്കാര്യം സർക്കാരിനെ അറിയിച്ചു. കുറഞ്ഞത് 727 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ്‌ കെഎസ്‌ഇബി വിലയിരുത്തൽ. എന്നാൽ കടുത്ത സമ്മർദമാണ്‌ സിഎംഡി എം ജി രാജമാണിക്യത്തിനുമേൽ ഉണ്ടായത്‌.


സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വൈദ്യുതി മന്ത്രിയും രേഖപ്പെടുത്തിയിട്ടും നടപടികളുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രിയാണ്‌ നിർദേശിച്ചതെന്നാണ്‌ വിവരം. ചീഫ് സെക്രട്ടറി വിശ്വനാഥ് സിഹ്ന നേരിട്ട് താൽപ്പര്യമെടുത്ത് ഇടപെട്ടതായും ആരോപണമുണ്ട്‌. ഒക്ടോബർ 19-ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയൽ നവംബർ ആദ്യവാരംവരെ പിടിച്ചുവച്ചതും ദുരൂഹമാണ്‌. ബോർഡിന് നഷ്ടം വരുത്തുന്ന കരാർ അംഗീകരിക്കാനാകില്ലെന്ന നിലപാടെടുത്തതോടെയാണ്‌ രാജമാണിക്യത്തെ നീക്കിയത്‌. സംസ്ഥാന മന്ത്രിസഭയും കെഎസ്ഇബി ഡയറക്ടർ ബോർഡും അംഗീകരിച്ച രണ്ടാംഘട്ട സ്മാർട്ട് മീറ്റർ കാപക്സ് പദ്ധതി അനാവശ്യമായി വൈകിപ്പിക്കുന്നതും സ്വകാര്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമാണെന്നും എളമരം കരീം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ്‌ എം ജി സുരേഷ് കുമാർ, കേരള ചാപ്റ്റർ കൺവീനർ എസ് ഹരിലാൽ എന്നിവരും സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home