ഡൽഹിയിൽ പൊലീസ് നടത്തുന്നത് വിദ്യാർഥി- യുവജന വേട്ട; അടിച്ചമർത്തി പിന്തിരിപ്പിക്കാമെന്നാണ് കേന്ദ്രത്തിന്റെ ധാരണ: പിണറായി വിജയൻ

തിരുവനന്തപുരം : ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും വേട്ടയാടുകയാണ് ഡൽഹി പൊലീസെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അടിച്ചമർത്തലിലൂടെ വിദ്യാർഥികളെയും യുവജനങ്ങളെയും പിന്തിരിപ്പിക്കാം എന്നാണ് കേന്ദ്ര ഭരണാധികാരികൾ കരുതിയതെന്നും എന്നാൽ ഇതിനെയെല്ലാം മറികടന്ന് ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങൾ തകർത്തും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയും ചോദ്യപേപ്പർ മാഫിയകൾക്ക് വഴിയൊരുക്കിയ കേന്ദ്രസർക്കാരിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച ലോക് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പും വഞ്ചനയും ക്രിമിനൽ കുറ്റങ്ങളുമാണ് നടന്നിട്ടുള്ളത്. 25 ലക്ഷത്തിൽപരം വിദ്യാർഥികളെ ബാധിക്കുന്ന പരീക്ഷയാണ് നീറ്റ്. പരീക്ഷയിൽ വലിയ തോതിൽ കഠിനാധ്വാനം നടത്തിയാണ് വിദ്യാർഥികൾ പങ്കെടുക്കുന്നത്. ആ വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാടാണ് ചോദ്യപേപ്പർ കുംഭകോണവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഒരു മാഫിയയാണ് നേതൃത്വം നൽകിയത്. തട്ടിപ്പിന് നേതൃത്വം നൽകിയ ക്രിമിനലുകളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. വർഷങ്ങൾക്കുമുമ്പ് രാജ്യത്ത് വലിയ തോതിൽ ഉയർന്നു കേട്ട പേരായിരുന്നു ഹർഷദ് മേത്തയുടേത്. ഓഹരി കുംഭകോണമായി ബന്ധപ്പെട്ടായിരുന്നു അത്. ഇന്ന് ഈ വലിയ തട്ടിപ്പിന് നേതൃത്വം കൊടുത്ത മാഫിയയുടെ തലവന്റെ പേരു പോലും രാജ്യത്ത് പ്രചരിപ്പിക്കപ്പെടുന്നില്ല. അതിനു കാരണം അവരെ സംരക്ഷിക്കാനാണ്.

രാജസ്ഥാനിലെ ഭാരതീയ ജനത യുവമോർച്ച നേതാവ് ദിനേശാണ് മാഫിയയുടെ തലവനായി പ്രവർത്തിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ പുറത്തുവിടാതെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതോടൊപ്പം എന്തെല്ലാമോ കാരണങ്ങളാൽ ആ പേര് പുറത്തുവരാതിരിക്കാനുള്ള സമീപനം രാജ്യത്തെ പല മാധ്യമങ്ങളും സ്വീകരിക്കുന്നു. അവിടെയാണ് ഏറ്റവും വലിയ കള്ളക്കളി ദൃശ്യമാകുന്നത്. ഗൗരവമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട സംഭവമാണിത്. എന്നാൽ ഇത്തരം ആളുകൾക്കെതിരെ അത്തരം വകുപ്പുകൾ ചുമത്തിയിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും വൻ നിരയാണ് രാജ്യതലസ്ഥാനത്തുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് വലിയ രീതിയിൽ വിദ്യാർഥി യുവജനവേട്ട നടത്തി. കേന്ദ്ര ഭരണാധികാരികളുടെ നിർദേശം അനുസരിച്ചാണ് പൊലീസിന്റെ നടപടി. പൊലീസിന്റെ ക്രൂരമായ മർദനത്തെത്തുടർന്ന് മാരകമായി പരിക്കേറ്റ വിദ്യാർഥി അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഇത്തരം നടപടികളിലൂടെ വിദ്യാർഥികളെയും യുവജനങ്ങളെയും പിന്തിരിപ്പിക്കാം എന്നാണ് കേന്ദ്ര ഭരണാധികാരികൾ കരുതിയത്. എന്നാൽ കൂടുതൽ പേർ ഡൽഹിയിലേക്ക് എത്തുകയാണ്.

നാൽപ്പതോളം എസ്എഫ്ഐക്കാർക്ക് പരിക്കേറ്റു എന്ന്. പൊതുവായ പ്രശ്നങ്ങളിലും വൻതോതിൽ ഇടപെടുന്ന സംഘടനയാണ് എസ്എഫ്ഐ. പൗരത്വ നിയമവും തെറ്റായ യുജിസി റെഗുലേഷനുമെതിരെയെല്ലാം എസ്എഫ്ഐ രംഗത്തെത്തി. തെറ്റായ നടപടികളെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതാണ് എസ്എഫ്ഐ ചെയ്യുന്നത്. മറ്റ് ഇടതുപക്ഷ പുരോഗമന സംഘടനകളും വിദ്യാർഥികൾക്കൊപ്പമുണ്ട്. എന്നാൽ മറ്റു ചിലർ ഒരു മാസത്തോളമായി നടക്കുന്ന ഈ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. അതിൽ ഒരു കൂട്ടരാണ് എൻഎസ്‍യുഐ എന്ന കോൺഗ്രസ് വിദ്യാർഥി സംഘടന. എന്തുകൊണ്ടാണ് ഇവർ സമരത്തിനിറങ്ങാഞ്ഞത്. തെറ്റായ നടപടികളെ ചോദ്യം ചെയ്ത് വിദ്യാർഥികളാകെ എത്തുമ്പോൾ എന്തുകൊണ്ടാണ് എൻഎസ്‍യുഐയും കേരളത്തിൽ കെഎസ്‍യുവും ഒരു പ്രസ്താവന കൊണ്ടുപോലും രംഗത്തെത്താഞ്ഞത്. കോൺഗ്രസിന്റെ നിലപാട് തന്നെയാണ് ഇവിടെ വിദ്യാർഥി സംഘടനകളും സ്വീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും യുവാക്കളെത്തി സമരം കത്തിപ്പടർന്നതോടെ ഇവർക്കും ഇടപെടേണ്ടി വന്നു.
കണ്ടില്ല എന്ന് നടിച്ച് മാറി നിന്നവർക്കും കാണുന്നു എന്ന ഭാവേന ഇടപെടേണ്ടതായി വന്നു. അതാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കണ്ടത്. എന്തുകൊണ്ട് ഇതുവരെ പ്രക്ഷോഭം നടക്കുന്ന ജന്തർ മന്തറിൽ കോൺഗ്രസ് പോകുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.










0 comments