റസ്റ്റോറന്റ് ലൈസൻസിന് പതിനായിരം രൂപ കൈക്കൂലി; ഉദ്യോഗസ്ഥന് നാല് വർഷം കഠിന തടവ്

ടി മഹേഷ്
തിരുവനന്തപുരം: റസ്റ്റോറന്റ് ലൈസൻസ് പുതുക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് നാല് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ടി മഹേഷിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസ് ഇൻചാർജ് ആയിരിക്കെയാണ് മഹേഷ് കൈക്കൂലിക്കേസിൽ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഉടമസ്ഥതയിൽ കോളവത്ത് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ ലൈസൻസ് പുതുക്കി ലഭിക്കുന്നതിന് 2020ൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പരാതിക്കാരന്റെ സ്ഥാപനത്തിന്റെ മുൻ രേഖകൾ ഓഫീസിൽ ലഭ്യമല്ലായെന്നും രേഖകൾ ശരിയാക്കി ലൈസൻസ് പുതുക്കി നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി നൽകണമെന്നും മഹേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൈക്കൂലി കൈപ്പറ്റുമ്പോഴാണ് വിജിലൻസ് ഇയോളെ കൈയ്യോടെ പിടികൂടിയത്.
തിരുവനന്തപുരം വിജിലൻസ് ദക്ഷിണമേഖല യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായിരുന്ന വി അനിൽ, സി എസ് വിനോദ് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.











0 comments