12 ദിവസം: വീടു പോയിട്ട് കുറ്റിപോലുമില്ല; കോൺഗ്രസ് ഇട്ട കല്ലും കാണാനില്ല

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പറയുന്ന വീടിനെന്ന പേരിൽ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇട്ട കല്ലും കാണാനില്ല. കല്ലിട്ട് പോയിട്ട് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ കാട്ടാനത്തോട്ടത്തിൽ സ്ഥാപിച്ച ഫലകം പോലും കാണാനില്ല. ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ കോടികൾ പിരിച്ച് വഞ്ചിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖം രക്ഷിക്കാനായി നടത്തിയ ‘കല്ലിടൽ നാടക’ത്തിലെ മറ്റൊരു ചതിക്കാഴ്‌ചയായി ഇത്.
വീട് നിർമാണത്തിന് കുറ്റി പോലും അടിച്ചിട്ടില്ല. തറയെടുക്കാനുള്ള കുഴിയില്ല. പണിക്ക് ആവശ്യമായ കല്ലിറക്കാനും കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന ടാറിങ് പ്ലാന്റിന്റെ അസംസ്കൃത വസ്തുകൾ മാത്രമാണ് നിലവിൽ സ്ഥലത്തുള്ളത്. ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ല. വീടുകളുടെ നിർമാണത്തിനായി അപേക്ഷ പോലും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 26നാണ് രാഹുലും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ശിലാസ്ഥാപനത്തിനായി പണിത പന്തൽ അഴിച്ചുകൊണ്ടുപോയതല്ലാതെ മറ്റൊരുപണിയും നടന്നിട്ടില്ല. ഇവിടെ വെള്ളക്കുപ്പികളും മാലിന്യവും ചിതറിക്കിടക്കുന്നു. ഇതിന് സമീപത്താണ് ശിലാഫലകവും കിടന്നത്. മാധ്യമങ്ങളിൽ വാർത്തയായതിനെത്തുടർന്ന് പിന്നീട് ഇതെടുത്തുമാറ്റി.
ദുരന്തബാധിതർക്ക് 230 വീട് വാഗ്‌ദാനം ചെയ്‌ത് കോടികൾ പിരിച്ച് ഒന്നരവർഷം ധൂർത്തടിച്ചശേഷം 50 വീടിനാണ് കല്ലിട്ടത്. ദുരന്തമുണ്ടായപ്പോൾ രാഹുലും കെപിസിസിയും 100 വീട് വീതം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് 30 വീടും. ഇതിനായി എത്രപിരിച്ചെന്നോ പണം എന്തുചെയ്‌തെന്നോ വ്യക്തമാക്കിയിട്ടില്ല. പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു പിരിവ്. പുരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാഹുലും പ്രിയങ്കയും തുക നൽകിയില്ല.
എംപി ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. കോടികൾപിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി കല്ലിട്ടത്. അതേസമയം, ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി സംസ്ഥാന സർക്കാർ 178 വീടുകൾ കൈമാറി.










0 comments