ഭക്ഷണമില്ല, നടത്തിപ്പുകാരുമില്ല; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങളും അവതാളത്തിൽ

കൊച്ചി: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ അനുവദിച്ച മൂന്ന് കായിക ഇനങ്ങളുടെ സംഘാടനവും അടിമുടി അവതാളത്തിൽ. ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടികളും പരിശീലകരും രക്ഷിതാക്കളും പ്രതിസന്ധിയിലായി. തൃശൂരിലെ കടുത്തവീഴ്‌ചയിൽ നിന്ന് ഒരു പാഠവും പഠിച്ചില്ലെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കാണുന്നത്.
വോളിബോൾ, ക്രിക്കറ്റ്, ജൂഡോ മത്സരങ്ങളാണ് പറവൂരിലെ എസ്‌എൻവി സംസ്‌കൃത ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്താൻ നിശ്ചയിച്ചത്. ഏഴ് മുതൽ 11 വരെയുള്ള മത്സരങ്ങൾക്കായി ഒരുക്കങ്ങളൊന്നും നടത്താൻ ബന്ധപ്പെട്ടവർക്ക് സാധിച്ചില്ല. ഇന്ന് വോളിബോൾ മത്സരങ്ങൾ തുടങ്ങിയതു മുതൽ പ്രതിസന്ധികളാണ്. ഒറ്റപ്പെട്ട സ്ഥലത്ത് നടക്കുന്ന മത്സരങ്ങൾക്കായി എത്തിയ എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നില്ല. ടീമംഗങ്ങളായ 12 കുട്ടികൾക്ക് മാത്രമാണ് ഭക്ഷണം കിട്ടിയത്. പരിശീലകൻ, മാനേജർ തുടങ്ങിയ ടീമിനൊപ്പമുള്ള ആർക്കും ഭക്ഷണം നൽകിയില്ല. ചോദിച്ചപ്പോൾ കുട്ടികൾക്ക് മാത്രമേ ഉള്ളൂ എന്നായിരുന്നു മറുപടി. മൂന്ന് കിലോ മീറ്ററോളം പോയി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുവരേണ്ട അവസ്ഥയിലാണ് ടീമിനൊപ്പമുള്ളവർ.
ഓരോ ടീമിനുമൊപ്പം പരിശീലകരും മാനേജരും വേണമെന്ന് നിഷ്‌കർഷിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സർക്കുലർ ഇറക്കിയിട്ടുള്ളതാണ്. അങ്ങനെ ടീമിനൊപ്പം ഒൗദ്യോഗികമായി അറിയിച്ച് വന്നവരെയാണ് അവഗണിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നടന്ന സ്‌കൂൾ കായികമേളയിൽ കുട്ടികളുടെ രക്ഷിതാക്കൾക്കുൾപ്പെടെ ഭക്ഷണക്കൂപ്പൺ നൽകിയിരുന്നു.
ഇന്ന് മത്സരങ്ങൾ തുടങ്ങിയെങ്കിലും നാളെ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാനാണ് ഉദ്‌ഘാടനം നടത്തുന്നത്. അതിനു മുന്പ് ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. നഗരസഭയോ, ബന്ധപ്പെട്ട മറ്റുള്ളവരോ ഗെയിംസ് നടക്കുന്നത് അറിഞ്ഞ മട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്‌കൂളിൽ പുതുതായി ഉദ്‌ഘാടനം ചെയ്‌ത ഇൻഡോർ കോർട്ടിലാണ് വോളി, ജൂഡോ മത്സരങ്ങൾ നടത്തുന്നത്.








0 comments