Deshabhimani

കേരളം സാധാരണ ഉപയോഗിക്കുന്ന അത്രയും വൈദ്യുതി

ഡാറ്റാ സെന്ററുകൾക്ക് ആണവോര്‍ജം; 3,590 മെഗാവാട്ടിന്റെ കൂറ്റൻ കരാറുമായി ഗൂഗിൾ

nuclear
വെബ് ഡെസ്ക്

Published on Oct 07, 2026, 01:57 PM | 2 min read

വൈദ്യുതിയും വെള്ളവും കുടിച്ചു വറ്റിക്കുന്ന നിര്‍മിത ബുദ്ധി കേന്ദ്രങ്ങളെ കുറിച്ചുള്ള പാരിസ്ഥിതിക ആശങ്കകൾക്കിടെ കൂറ്റൻ ഊര്‍ജ കരാറിൽ ഒപ്പുവെച്ച് ഗൂഗിൾ. യു എസിലെ പ്രധാന ഉര്‍ജവിതരണ കമ്പനിയായ കോൺസ്റ്റലേഷൻ എനര്‍ജിയുമായി ഗൂഗിൾ 3,590 മെഗാവാട്ടിന്റെ കരാര്‍ ഒപ്പുവെച്ചു. ആണവ റിയാക്ടറുകൾ വഴിയാവും ഇത്രയും വൈദ്യുതി ലഭ്യമാക്കുക.


കേരളം സാധാരണ ദിവസങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അത്രയും വരുന്ന ഊര്‍ജ കരാറാണ് ഒപ്പുവെച്ചത്. 3,590 മെഗാവാട്ട് എന്നത് കേരളത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വൈദ്യുതി ഡിമാന്റിന്റെ 60 ശതമാനം വരെ എത്തും. കരാറിന്റെ ഭാഗമായി കോൺസ്റ്റലേഷൻ എനര്‍ജി 4.3 ശതകോടി ഡോളറിന്റെ പുതിയ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.


മിഡ്‌വെസ്റ്റ്, മിഡ്-അറ്റ്‌ലാന്റിക് ആണവ നിലയങ്ങളുടെ ശേഷി വര്‍ധിപ്പിക്കും. ഇല്ലിനോയിസ്, പെൻസിൽവേനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ 11 ആണവ നിലയങ്ങളിൽ മാറ്റം വരുത്തും. പുതിയ റിയാക്ടറുകൾ സ്ഥാപിക്കുന്നതും കമ്പനി പരിഗണിക്കുന്നു. കരാര്‍ പ്രഖ്യാപിച്ചതോടെ കോൺസ്റ്റലേഷൻ എനര്‍ജിയുടെ ഒഹരിവിലയിൽ 13 ശതമാനം വര്‍ധന രേഖപ്പെടുത്തി.


ഇത്രയും നിക്ഷേപം വരുമ്പോഴും 7,200 തൊഴിൽ അവസരങ്ങളാണ് കോൺസ്റ്റലേഷൻ പുതിയതായി സൃഷ്ടിക്കുന്നതായി അവകാശപ്പെട്ടിട്ടുള്ളത്. നിലവിലെ 4,400 തൊഴിൽ അവസരങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവരുടെ ഔദ്യോഗിക സൈറ്റിൽ പറയുന്നു. ആണവ നിലയങ്ങളുടെ ശേഷി വര്‍ധിപ്പിക്കുക വഴി എഐ രംഗം ഉയര്‍ത്തുന്ന ഡിമാന്റ് നേരിടുകയും സാധാരണ ഉപഭോക്താക്കൾക്കുള്ള നിലവിലെ നിരക്കുകൾ വര്‍ധിക്കാതെ സൂക്ഷിക്കയും ചെയ്യാം എന്ന് വിശദീകരിക്കുന്നു.


ആണവ നിലയങ്ങളെ ആശ്രയിക്കുമ്പോഴും പരിസ്ഥിതി സൗഹൃദമായ ഊര്‍ജം പരമാവധി പ്രയോജനപ്പെടുത്തും എന്നാണ് ഗൂഗിളിന്റെ ഗ്ലോബൽ ഹെഡ് ഓഫ് എനർജി ആന്റ് പവർ അമൻഡ പീറ്റേഴ്‌സൺ കോറിയോ അവകാശപ്പെട്ടത്. അമേരിക്കയിലെ പൂര്‍വ ഗോത്രമേഖലകളിൽ തങ്ങളുടെ ഭൂമിയിൽ ‍ഡാറ്റാ സെന്ററുകൾ വേണ്ട എന്ന് പ്രഖ്യാപിച്ച് പ്രദേശവാസികൾ പ്രക്ഷോഭത്തിലാണ്.


എഐ എന്ന സാമ്പത്തിക ഭീമൻ


ആഗോള സാമ്പത്തിക മേഖലയിലെ തന്നെ വലിയ കൗതുകമാണ് ഈ കരാര്‍. നിര്‍മിത ബുദ്ധി രംഗത്തെ ഭാവി ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടുള്ള കുതിപ്പാണ്. എഐ രംഗത്ത് വരാനിരിക്കുന്ന വൻ നിക്ഷേപങ്ങളുടെയും മുതൽ മുടക്കിന്റെയും ഉദാഹരണമായും ചൂണ്ടികാണിക്കുന്നു.


ഒക്ടോബർ 6-ന് ഗൂഗിളും കോൺസ്റ്റെലേഷൻ എനർജിയും ചേര്‍ന്നാണ് കരാറിന്റെ പൂർണ്ണവിവരങ്ങൾ പുറത്തു വിട്ടത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home