ad
Deshabhimani

ഇൻഫോപാർക്കിൽ പുതിയ ഐടി കെട്ടിടം ഉയരും; 118.33 കോടി രൂപ ചെലവ്

infopark
വെബ് ഡെസ്ക്

Published on Oct 15, 2025, 02:26 PM | 1 min read

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോ​ഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിൻ്റെ തനത് ഫണ്ടും ബാങ്കിൽ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.


നിരവധി പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ, പുതിയ ഐടി സംരംഭങ്ങളെ ആകർഷിക്കുന്നതിനും നിലവിലെ കമ്പനികളുടെ വികസന ആവശ്യങ്ങൾക്കുമായി ബിൽട്ട് അപ്പ് സ്‌പേസിന്റെ വലിയ ആവശ്യകതയാണുള്ളത്. ഈ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ഇൻഫോപാർക്ക് ടവർ നിർമ്മിക്കുന്നത്.


പദ്ധതി പൂർത്തിയാകുന്നതോടെ, ഐടി, ഐടി അനുബന്ധ മേഖലകളിലായി 2,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിലെ യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തേകുകയും ആഗോള ഐടി ഭൂപടത്തിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്ന തീരുമാനമാണിത്. കേരളത്തിൻ്റെ ഭാവി ഐടി വികസനത്തിനായി കൂടുതൽ മികച്ച നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ.


ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.


മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും തമ്മിൽ ഒപ്പുവെച്ച ഈ ധാരണാപത്രം കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിൽ ലാൻ്റ് പൂളിങ്ങ് വഴിയാണ് ഇൻഫോപാർക്ക് വികസനം ലക്ഷ്യമിടുന്നത്‌. അനുബന്ധ സ‍ൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർ ഭൂമിയാണ് ജിസിഡിഎ പൂൾ ചെയ്യുന്നത്. കിഴക്കമ്പലത്ത്‌ പരിഗണിക്കുന്ന ഭൂമിയുടെ അതിർത്തികൾ, ഭൂ ഉപയോഗം, ഭൂരേഖകൾ, ഫ്ലഡ് അനാലിസിസ്, വാട്ടർ ഷെഡ്, ഗതാഗത കണക്ടിവിറ്റി എന്നിവ ശേഖരിച്ച് മാപ്പുകൾ തയ്യാറാക്കി.


കൂടുതൽ വിവരശേഖരണം, നടപ്പാക്കേണ്ട വികസനം, അടിസ്ഥാനസൗകര്യങ്ങൾ എന്നിങ്ങനെ ചർച്ചകൾ പുരോഗമിക്കുന്നു. ലാൻഡ് പൂളിങ്ങിനുള്ള വിജ്ഞാപനം പ്രസിദ്ധപ്പെടുത്താനും ജിസിഡിഎ നടപടി തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home