'നാസർ കൊളായിയെയും സിടിസി അബ്ദുല്ലയെയും കൊല്ലും'; കൊലവിളിയുമായി മുസ്ലീംലീഗ് നേതാക്കള്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എൽഡിഎഫ് കോഴിക്കോട് ജില്ലാപഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന നാസർ കൊളായിയെയും സിടിസി അബ്ദുല്ലയെയും കൊല്ലുമെന്ന് ഭീഷണിയുമായി മുസ്ലീംലീഗ്. യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിലാണ് കൊടിയത്തൂർ പഞ്ചായത് മുൻ വാർഡ് മെമ്പർ എം ടി റിയാസും യൂത്തലീഗ് നേതാവ് ചാലക്കൽ ഷമീറും കൊലവിളി നടത്തിയത്. നാസർ കൊളായിയെയും സിടിസി അബ്ദുല്ലയെയും കൊല്ലുമെന്നും ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ തന്നെയായിരിക്കുമെന്നുമായിരുന്നു മുദ്രാവാക്യം.
കഴിഞ്ഞ ദിവസം ഫറോക്കിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് സ്‌ഫോടകവസ്‌തു എറിഞ്ഞിരുന്നു. ഗുണ്ട് വീടിന് മുമ്പിലെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുന്നതിനിടെ സ്ത്രീകളും കുട്ടികളുമടക്കം വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തി 39 -ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഐ എം ഇരിയമ്പാടം ബ്രാഞ്ച് സെക്രട്ടറി ഇരിയമ്പാടം വീട്ടിൽ മുബാറക്കലിയുടെ വീട്ടിലേക്കാണ് ഉഗ്ര സ്ഫോടനശേഷിയുള്ള ഗുണ്ട് പടക്കമെറിഞ്ഞത്. വീടിന് മുമ്പിലെ തെങ്ങിൽ തട്ടി വരാന്തയ്ക്കടുത്ത് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് വരാന്തയിലുണ്ടായിരുന്ന മുബാറക്കലിയുടെ ഭാര്യയും മകനും തെല്ലിടയ്ക്കാണ് രക്ഷപ്പെട്ടത്. സ്ഫോടകവസ്തു പതിച്ച തെങ്ങിന്റെ ഭാഗം അടർന്നു. നിലവിലെ കൗൺസിലർ കെ ഷൈനിയുടെ വീടിനുമുമ്പിലും യുഡിഎഫുകാർ ഒന്നിച്ചെത്തി കൊലവിളി നടത്തി.










0 comments