ad
Deshabhimani

print edition മുണ്ടക്കൈ ട‍ൗൺഷിപ്: ആ സന്തോഷത്തിന്‌ ഇനി മൂന്നുനാൾ

Mundakkai Township.JPG
avatar
അജ്നാസ്‌ അഹമ്മദ്‌

Published on Feb 22, 2026, 06:15 AM | 1 min read

കൽപ്പറ്റ: അതിജീവനത്തിന്റെ ലോക മാതൃകയായി കൽപ്പറ്റയിൽ മുണ്ടക്കൈ–ചൂരൽമല ഗ്രാമം പുനർജനിക്കാൻ മൂന്നുനാൾ. ഉരുൾ തകർത്ത പുന്നപ്പുഴയുടെ തീരത്ത്‌നിന്ന്‌ ഉയിർപ്പിന്റെ മറുവാക്കായ ട‍ൗൺഷിപ്പിലേക്ക്‌ അതിജീവിതരെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്‌ സംസ്ഥാന സർക്കാർ. മരണത്തിന്റെ ഉരുളൊഴുക്കിൽനിന്ന്‌ ജീവനും വാരിപ്പിടിച്ച്‌ പുന്നപ്പുഴ മുറിച്ചുകടന്നവർ ബുധനാഴ്‌ച അതിജീവന ഭവനങ്ങളുടെ പടികയറും.


ആദ്യഘട്ട പട്ടികയിലെ 178 കുടുംബങ്ങളും കഴിഞ്ഞ ദിവസം മേപ്പാടിയിൽ നടന്ന ചടങ്ങിൽ വീടുകൾ നറുക്കെടുത്തു. അതിജീവിതർ ട‍ൗൺഷിപ്പിലെത്തി വീടുകൾ കണ്ട്‌ ഉള്ളുനിറഞ്ഞാണ്‌ മടങ്ങിയത്‌. നിർമാണം പൂർത്തിയാക്കാൻ രണ്ടായിരത്തിമുന്നൂറോളം തൊഴിലാളികളുമായാണ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. വീടുകളിൽ കെട്ടിട പ്രവൃത്തിക്കുപുറമെ ഫർണിച്ചറിന്റെയും ഇന്റീരിയലിന്റെയും പ്രവൃത്തിയും ആരംഭിച്ചു. കിടപ്പുമുറികളിൽ അലമാരകളും അടുക്കളയിൽ കബോർഡും സജ്ജീകരിച്ചു.

വൈദ്യുതി, കുടിവെള്ളം വിതരണം ഉടൻ


​വയറിങ് പൂർണമായും പൂർത്തിയാക്കിയ വീടുകളിൽ ചൊവ്വാഴ്‌ചയ്‌ക്കുമുമ്പ്‌ വൈദ്യുതി വിതരണം ആരംഭിക്കും. ഒമ്പതര ലക്ഷം ലിറ്റർ സംഭരണശേഷിയിൽ കുടിവെള്ള ടാങ്ക്‌ സജ്ജമാണ്‌. കാരാപ്പുഴയിൽനിന്ന്‌ കുടിവെള്ള ടാങ്കിലെത്തിക്കുന്ന വെള്ളം വീടുകളിലേക്കെത്തിക്കാനുള്ള പൈപ്പിടൽ അതിവേഗത്തിൽ പുരോഗമിക്കുന്നു. മലിനജല സംസ്‌കരണത്തിനുള്ള ആധുനിക ജൈവ പ്ലാന്റിന്റെ (ബയോ എസ്‌ടിപി) പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്‌. ആധുനിക നഗരങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനത്തെ വെല്ലുന്ന സുസ്ഥിര സാങ്കേതികവിദ്യയിലാണ്‌ ട‍ൗൺഷിപ്പിലെ അഞ്ച്‌ സോണിൽ 10 ബയോ എസ്‌ടിപി നിർമിക്കുന്നത്‌. ട‍ൗൺഷിപ്പിനുള്ളിലെ മലിനജലം ശാസ്‌ത്രീയമായി സംസ്‌കരിച്ച്‌ ശുദ്ധജലമാക്കും. ഓരോ വീടിനും പ്രത്യേകം സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി എന്നിവയ്‌ക്ക്‌ പകരമായി ഭൂഗർഭ ശൃംഖലയിലൂടെ മാലിന്യം ബയോ എസ്‌ടിപികളിലേക്ക്‌ എത്തിക്കും.


പ്രധാന കവാടത്തിലൂടെ 12 മീറ്റർ വീതിയുള്ള റോഡ്‌, രണ്ട്‌ ഉപകവാടങ്ങളിലൂടെ ഒമ്പത്‌ മീറ്റർ വീതിയുള്ള റോഡ്‌, അഞ്ച്‌ സോണിലായുള്ള 35 ക്ലസ്റ്ററുകളിലേക്ക്‌ ഇന്റർലോക്ക്‌ റോഡ്‌ എന്നിങ്ങനെ 11.42 കിലോമീറ്റർ പാതയുടെ നിർമാണവും പുരോഗമിക്കുന്നു. സിമന്റ്‌ ട്രീറ്റഡ്‌ ബെയ്‌സ്‌ സാങ്കേതികവിദ്യയിൽ അത്യാധുനിക നിലവാരത്തിലാണ്‌ പ്രധാന റോഡിന്റെയും രണ്ട്‌ ഉപറോഡിന്റെയും പ്രവൃത്തി. ആദ്യഘട്ടം കൈമാറുന്ന വീടുകൾക്കായി റോഡിന്‌ ഇരുവശവും ഡ്രെയ്‌നേജും ഭൂഗർഭ വൈദ്യുതി ശൃംഖലാ സംവിധാനവും സജ്ജമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home