ad
Deshabhimani

എം ടി രമേശിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ പദവി: ബിജെപിയിൽ കലഹം മുറുകുന്നു

bjp kerala

എം ടി രമേശ്, അഡ്വ. ഒ എം ശാലീന, രാജീവ് ചന്ദ്രശേഖർ

വെബ് ഡെസ്ക്

Published on May 06, 2025, 01:22 PM | 1 min read

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ ഭാര്യ അഡ്വ. ഒ എം ശാലീനയെ ഹൈക്കോടതിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തടഞ്ഞു വച്ചിരുന്ന നിയമനം പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപ്പാക്കിയതിന് പിന്നാലെയാണ് കലഹം രൂക്ഷമായത്.


സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാന്‍ഡിങ് കൗൺസിലറായിരുന്ന ശാലീനയ്ക്ക് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. സമാനമായി പരാതി ഉയർന്ന മറ്റൊരു സ്റ്റിൻഡിങ് കൗൺസിലർ സജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടും ശാലീനയ്ക്കെതിരെ നടപടിയെടുത്തിരുന്നില്ല.


കെ സുരേന്ദ്രന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം ആ​ഗ്രഹിച്ച എം ടി രമേശിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് വഴിവിട്ട നിയമനമെന്നാണ് ആരോപണം. പാർടിക്കുള്ളിൽ നിയമനം വിവാദമായതോടെ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിനു പരാതികളും പ്രവഹിക്കുന്നുണ്ട്.


സംസ്ഥാന പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം ബിജെപിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക്‌ രാജീവ്‌ ചന്ദ്രശേഖർ തുടക്കമിട്ടിരിക്കയാണ്. ഒരുപതിറ്റാണ്ടായി പാർടിയെ കൈപ്പിടിയിലൊതുക്കിയിരുന്ന വി മുരളീധരൻ– കെ സുരേന്ദ്രൻ അനുയായികളെ ചുമതലകളിൽനിന്ന്‌ വെട്ടി തന്റെ വിശ്വസ്‌തരെ പ്രതിഷ്‌ഠിച്ചാണ്‌ തുടക്കമിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ മീഡിയ, സോഷ്യൽ മീഡിയ ചുമതലയിലാണ്‌ ആദ്യ ഇടപെടൽ. മീഡിയ കൺവീനറായിരുന്ന സുവർണ പ്രസാദിനെ നീക്കി യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ്‌ ആന്റണിയെ സോഷ്യൽ മീഡിയ ഇൻ ചാർജായി നിയമിച്ച്‌ ഉത്തരവിറക്കി.


രാജീവ്‌ ചന്ദ്രശേഖർ ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസം മുതൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നുള്ള വിവരങ്ങൾ ചോർന്നു തുടങ്ങിയിരുന്നു. ഓഫീസിൽ ഇരു ഗ്രൂപ്പുകാർ സ്ഥാനമാനങ്ങൾക്കായി തമ്മിലടിച്ചത്‌ വലിയ വാർത്തയായി. സംഭവത്തിൽ രാജീവ്‌ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ്‌ ചുമതലക്കാരെ പുറത്താക്കാൻ നടപടി തുടങ്ങിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home