ad
Deshabhimani

'പ്രിയദർശിനി യാത്ര ആരുടെയും ഔദാര്യമല്ല'; മാപ്പ് പറഞ്ഞ് തടിയൂരി മന്ത്രി സി പി ജോൺ

cp john
വെബ് ഡെസ്ക്

Published on Aug 05, 2026, 08:50 AM | 1 min read

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിലെ പ്രിയദർശിനി സ‍ൗജന്യ യാത്രയുടെ ഗുണഭോക്താക്കളെ അധിക്ഷേപിച്ചതിൽ വ്യാപക വിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരി ഗതാഗത മന്ത്രി സി പി ജോൺ. പ്രിയദർശിനി യാത്ര ആരുടെയും ഔദാര്യമല്ലെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം ഇവിടെ അവസാനിച്ചെന്നും സി പി ജോൺ പറഞ്ഞു.


ബസിലേക്ക്‌ തള്ളിക്കയറുന്നവർ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്നും പരമദരിദ്രരായി അഭിനയിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. ‘ബസിന്‌ കാശില്ലാത്ത സ്‌ത്രീ സ്വകാര്യ സ്‌കൂളിലേക്ക്‌ കുട്ടികളെ വിടുകയാണ്‌. ഗവ. സ്‌കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഗവ. സ്‌കൂളിലേക്ക്‌ കുട്ടികളെ വിടുന്നതിനു പകരം ഫീസ്‌ കൊടുക്കേണ്ട സ്‌കൂളിലേക്ക്‌ വിടും. ആശുപത്രിയുടെ കാര്യമാണെങ്കിൽ ഇതേ സ്‌ത്രീ തന്റെ അച്ഛനേയും ഭർത്താവിനേയുംകൊണ്ട്‌ വരാന്തയിൽ കിടക്കുകയാണ്‌ ഗവ. ആശുപത്രിയിൽ. ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്‌. ബസ്‌ വന്നാൽ കാശ്‌ കുറഞ്ഞ ട്രാൻസ്‌പോർട്ടിൽ തള്ളിക്കയറും’. പാലക്കാട്ട്‌ കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്‌തായിരുന്നു മന്ത്രിയുടെ അധിക്ഷേപം.


യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്‌ദാനമായ ഇന്ദിരാഗാരന്റിയുടെ ഭാഗമായ കെഎസ്‌ആർടിസി ബസിലെ സ‍ൗജന്യയാത്ര രണ്ടുമാസമാകാറാകുന്പോള്‍ ഗതാഗതമന്ത്രി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വലിയ വിമർശനം ഉയർന്നു. യുഡിഎഫിലെ മന്ത്രിമാർ തന്നെ ഗതാഗത മന്ത്രിയെ തള്ളിക്കളയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് രക്ഷപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home