പശ്ചിമേഷ്യൻ യുദ്ധഭീതി; നോർക്ക ഹെൽപ്‌ഡെസ്കിൽ ലഭിച്ചത് 381 കോളുകൾ

തിരുവനന്തപുരം: ഇറാൻ, ഇസ്രായേൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നീ മേഖലകളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ആരംഭിച്ച ഹെൽപ്പ്ഡെസ്കിൽ ഞായറാഴ്ച രാവിലെ 11.30 മണി വരെ ലഭിച്ചത് 381 കോളുകൾ.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നോർക്ക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്കിൽ ബന്ധപ്പെട്ടു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ഗൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായി. നോർക്ക ഹെൽപ്പ് ഡസ്കിൽ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങളും ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികൾ സൂചിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസികേരളീയർക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെൽപ്‌ഡെസ്കിന്റെ പ്രധാന ലക്ഷ്യം. ലഭിച്ച കോളുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ നോർക്ക റൂട്ട്സ് ആസ്ഥാനത്ത് വകുപ്പ് സെക്രട്ടറി ടി വി അനുപമ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനും ഏകോപനത്തി കേരള സർക്കാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘർഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്‌ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.










0 comments