ആലപ്പുഴയിൽ ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. അരൂർ കോടംതുരുത്ത് സ്വദേശി രവി ആണ് മരിച്ചത്. കുളിക്കാൻ വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. മിന്നലേറ്റ രവിയെ ഉടർ തന്നെ തുറവൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴയും ഇടിമിന്നലുമുണ്ടായിരുന്നു. നിർമാണത്തൊഴിലാളിയാണ് രവി.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.










0 comments