ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്താ യോഗം: ജനാധിപത്യ വിരുദ്ധ നടപടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുൾപ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു യോഗം നടന്നത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിൻറെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണ്.
ഇന്ത്യൻ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിൻറെയും അന്തസ്സത്തയെ പൂർണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടി. ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്, എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മിൽ വേർതിരിക്കണമെന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണ്. കേരള ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പൊതുസേവകർക്കെതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം മുതലായവ അന്വേഷിക്കാൻ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ് ലോകായുക്ത. ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണ്.
തെളിവുകൾ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അന്വേഷണം നടത്തി പൊതുസേവകർക്കെതിരെ റിപ്പോർട്ട് നൽകാനും നിയമപരമായ അധികാരമുള്ള സംവിധാനമാണിത്. ഭയമോ പക്ഷപാതിത്വമോ പ്രീതിയോ കൂടാതെ പ്രവർത്തിക്കേണ്ട ജഡ്ജിമാരെ സർക്കാർ പ്രതിനിധികളുടെയും പ്രോസിക്യൂഷൻ മേധാവിയുടെയും സാന്നിധ്യത്തിൽ മന്ത്രി വിളിച്ചുകൂട്ടിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങൾക്ക് സംശയം ജനിപ്പിക്കാൻ ഇടയാക്കും. പ്രതിപക്ഷത്തായിരുന്നപ്പോൾ ലോകായുക്തയുടെ സ്വയംഭരണാധികാരത്തെയും നിഷ്പക്ഷതയെയും കുറിച്ച് വാതോരാതെ പ്രസംഗിച്ചവരാണ് യുഡിഎഫ് നേതാക്കൾ. എൽഡിഎഫ് സർക്കാർ ഭരണഘടനാ തത്വങ്ങൾക്കും സ്വാഭാവിക നീതിക്കും അനുസൃതമായി ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവന്നപ്പോൾ അത് ലോകായുക്തയുടെ അധികാരങ്ങൾ കവർന്നെടുക്കാനാണെന്ന് ആരോപിച്ച് ഗവർണർക്ക് നിവേദനം നൽകിയവരാണ് ഇന്നത്തെ ഭരണപക്ഷം. മാത്രമല്ല, നിയമഭേദഗതി ലോകായുക്തയുടെ നീതിന്യായ അധികാരത്തിേന്മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച് ഹൈക്കോടതിയിൽ നേരിട്ട് ഹർജി നൽകിയ വ്യക്തിയാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആ കേസ് ഹൈക്കോടതി തള്ളുകയായിരുന്നു.
സർക്കാരിന്റെ അനുചിതമായ രീതിയിലുള്ള ഇടപെടലാണ് തിരുവനന്തപുരത്തു ചേർന്ന ഈ യോഗം. ലോകായുക്താ ന്യായാധിപരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന നടപടി ഔചിത്യപൂർവ്വമല്ല. ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്ന ഈ നീക്കം സർക്കാരും മന്ത്രിമാരും ആവർത്തിക്കരുത്. ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments