print edition ഇവിടെയുണ്ട് ലക്ഷം അവസരങ്ങള്‍; വരുന്നൂ, ഇന്റേണ്‍ഷിപ് കേരള പോര്‍ട്ടല്‍

സ്വന്തം ലേഖിക
Published on Oct 18, 2025, 02:20 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തൊഴിലവസരം നൽകുന്ന ‘ഇന്റേണ്‍ഷിപ് കേരള’ പോര്‍ട്ടല്‍ തയ്യാര്‍. ലക്ഷത്തോളം അവസരങ്ങളാണ് ഇതുവഴി സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് എന്നിവ മുന്നില്‍ക്കണ്ടാണ് കെല്‍ട്രോണുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പോര്‍ട്ടല്‍ തയ്യാറാക്കിയത്. കേരള, കലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ കെല്‍ട്രോണുമായി ഇന്റേണ്‍ഷിപ്പിന് കരാറൊപ്പിട്ടു.
അറുന്നൂറോളം സ്ഥാപനങ്ങളാണ് ഇതിനകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തത്. ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്, ആരോഗ്യം, ടൂറിസം, വസ്‌ത്രമേഖല, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, റോബോട്ടിക്‌സ്, സ്‌പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് മേഖലകളിലാണ് കൂടുതല്‍ രജിസ്ട്രേഷന്‍. പഠനത്തിനൊപ്പം മെച്ചപ്പെട്ട കരിയര്‍ ലഭ്യമാക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. റിക്രൂട്ട്‌മെന്റിനും സാധ്യതയുണ്ട്. ഇന്റേണ്‍ഷിപ്പിനൊപ്പം ആവശ്യക്കാർക്ക് കൂടുതല്‍ പരിശീലനം നൽകും.
നാലുവര്‍ഷ ബിരുദത്തിന്റെ നാല്, എട്ട് സെമസ്റ്ററുകളിലാണ് ഇന്റേണ്‍ഷിപ്. പെയ്‌ഡ്, ഫ്രീ, സ്റ്റൈപൻഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഇന്റേൺഷിപ്. രണ്ടുമുതല്‍ നാല് ക്രെഡിറ്റ് വരെ വിദ്യാര്‍ഥിക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ലഭിക്കും. പാഠ്യവിഷയത്തിന് അനുസരിച്ചാകും ഇന്റേണ്‍ഷിപ്പിനുള്ള സ്ഥാപനം തെരഞ്ഞെടുക്കുക. വിദ്യാര്‍ഥിക്ക് സ്വന്തം പ്രൊഫൈല്‍ തയ്യാറാക്കാം. പഠിക്കുന്ന വിഷയം, അഭിരുചി എന്നിവ അനുസരിച്ച് ഇന്റേണ്‍ഷിപ് തെരഞ്ഞെടുക്കാം. ഏകോപനത്തിന് സംസ്ഥാന, ജില്ലാ കോ–ഓഡിനേറ്റർമാരെ നിയമിക്കും. കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെയും നൈപുണ്യവികസന കേന്ദ്രങ്ങളുടെയും കോ ഓർഡിനേറ്റർമാർ പോർട്ടലിന്റെ നോഡൽ ഓഫീസർമാരാകും. 22ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പോര്‍ട്ടൽ ഉദ്ഘാടനംചെയ്യും.










0 comments