കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജനം അണിനിരക്കണം: കെഎസ്കെടിയു

തിരുവനന്തപുരം: ബിജെപി– കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക് തീൻമേശകളിൽ വിഭവങ്ങൾ ഒരുക്കുകയും കേരളത്തിന് മണ്ണിൽ കുഴികുത്തി കഞ്ഞിപോലും കൊടുക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്യുന്ന ജൻമിത്വ– ഭൂപ്രഭുത്വത്തിന്റെ മനോഭാവമാണ് കേന്ദ്രസർക്കാരിന്റെ ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു). കേരളത്തെ സമ്പൂർണമായി അവഗണിച്ച ബജറ്റുമായി മലയാളികളെ വെല്ലുവിളിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.
കർഷക തൊഴിലാളികളടക്കമുള്ള ഗ്രാമീണ ദരിദ്രരെ വെല്ലുവിളിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ശവദാഹമാണ് ബജറ്റിലൂടെ നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധിയുടെ പേര് എടുത്തുകളഞ്ഞ് വിബിജിആർഎഎംജി എന്ന് പദ്ധതിയുടെ പേര് മാറ്റിയ മോദി സർക്കാർ, 125 തൊഴിൽ ദിനങ്ങൾ ഗ്രാമീണ ദരിദ്രർക്ക് ഉറപ്പുവരുത്താൻ ശ്രമിച്ചില്ല. തൊഴിലുറപ്പാക്കണമെങ്കിൽ 2.30 ലക്ഷം കോടി രൂപ ആവശ്യമാണ്. എന്നാൽ, കേന്ദ്ര ബജറ്റിലുള്ളത് വെറും 95692.31കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലിയെടുത്തവർക്ക് നൽകാനുള്ള കൂലികുടിശ്ശിക നൽകാനുള്ള പണവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല എന്നത് ഖേദകരമാണ്.
വിധവ പെൻഷനും ഭിന്നശേഷി പെൻഷനും അന്നപൂർണ പെൻഷനും തുടങ്ങി സാധാരണക്കാർക്ക് കരുതലേകുന്ന പെൻഷനുകളിലൊന്നിലും ഒരു രൂപ പോലും വർധിപ്പിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. സാമൂഹ്യക്ഷേമ പദ്ധതികളിൽ നിന്നും പിന്നോക്കം പോകുന്ന കേന്ദ്ര സർക്കാരിനെയാണ് ബജറ്റിൽ കാണാനാവുന്നത്. ഇത് സാധാരണക്കാരായ മനുഷ്യരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ആപത്കരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്.
കേരള സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നിരാകരിക്കുന്ന കേരള വിരോധമാണ് കേന്ദ്ര ബജറ്റിന്റെ പ്രധാന സവിശേഷത. ചരിത്രത്തിൽ ഇന്നുവരെ ഒരു കേന്ദ്ര ബജറ്റും മലയാളികളോട് ഈ വിധത്തിൽ യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല. എന്നിട്ടും കേരളത്തിലെ ആർഎസ്എസ്– ബിജെപി പ്രവർത്തകർ ബജറ്റിന് പുറത്ത് കേരളത്തെ പരിഗണിക്കുമെന്ന മുട്ടാപോക്ക് ന്യായമാണ് പറഞ്ഞുനടക്കുന്നത്. വിവരക്കേടിന്റെ ആൾരൂപങ്ങളായ സംഘപരിവാർ പ്രവർത്തകരെ തിരിച്ചറിയാൻ കേരള ജനത തയ്യാറാവണം.
ഇന്ത്യയിലില്ലാത്ത ഒരു പ്രദേശമെന്ന പോലെ കേരളത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുമ്പോൾ, ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാരും കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രസർക്കാരിന്റെ ഒക്കചങ്ങാതിമാരെപ്പോലെ നിലകൊള്ളുകയാണ്. ആമകൾക്കുള്ള ഇടനാഴിയായി കേരളത്തെ പ്രഖ്യാപിച്ച് കേരളത്തിന്റെ വികസന കുതിപ്പിന് തടയിടാൻ പരിശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും കെഎസ്കെടിയു പ്രസ്താവനയിൽ പറഞഅഞു.










0 comments