വിസ തട്ടിപ്പിൽ പണം നഷ്ടമായി; കടബാധ്യതയെ തുടർന്ന് കൊല്ലത്ത് യുവാവ് ജീവനൊടുക്കി

സൈജു ഹെന്ററി പീറ്റർ
കൊല്ലം: വിസ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതയും മനോവിഷമവും കാരണം കൊല്ലത്ത് യുവാവ് ജീവനൊടുക്കി. ശക്തികുളങ്ങര സ്വദേശി സൈജു ഹെന്ററി പീറ്ററാണ് (39) മരിച്ചത്. എസ്രാ ഗ്ലോബൽ വിസ തട്ടിപ്പിനിരയായി അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ പറഞ്ഞു.
കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയം വെച്ചുമാണ് സൈജു അഞ്ച് ലക്ഷം രൂപ വിസയ്ക്കായി നൽകിയത്. ആറ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാമെന്നായിരുന്നു ഏജൻസിയുടെ വാഗ്ദാനം. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയായില്ല. ഒരു വർഷം പിന്നിട്ടിട്ടും പണം തിരികെ ലഭിച്ചില്ല.
പണം മടക്കി നൽകാമെന്ന് ഏജൻസി അറിയിച്ചിരുന്നെങ്കിലും ഇതുവരെ നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു . പണം നഷ്ടപ്പെട്ടതും കടബാധ്യതയും സൈജുവിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.
അതേസമയം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസ്, സി.ഇ.ഒ അരുൺ എന്നിവരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചണ്ഡിഗഡിൽ നിന്ന് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി 7 ലക്ഷം രൂപ വരെയാണ് പ്രതികൾ വാങ്ങിയിരുന്നത്.
എസ്രാ ഗ്രൂപ്പിനെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ മാത്രം ഗ്രൂപ്പുമായി ബന്ധപ്പെട്ട് 32 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് ഉടമ പിടിയിലാകുമ്പോൾത്തന്നെ 24 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായും വിവരമുണ്ട്. വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതികളിൽ അന്വേഷണം തുടരുന്നതിനിടെയാണ് തട്ടിപ്പിനിരയായ യുവാവിന്റെ മരണം
കുരീപ്പുഴ ബൈപാസിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ പേരിൽ മാത്രം ഏകദേശം 4.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ മാസം 26-ന് പോലീസ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒളിവിൽ പോയ പ്രതികളെ മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. മേരി ലോപ്പസിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, സിഇഒ അരുണിനെതിരെ തെളിവുകൾ ലഭിക്കാത്തതിനാൽ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.








0 comments