സദാചാരഗുണ്ടാ ആക്രമണം: യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജിതം

അറസ്റ്റിലായ എസ്‌ഡിപിഐ പ്രവർത്തകർ വി കെ റഫ്നാസ്, കെ എ ഫൈസൽ, വി സി മുബഷീർ
പിണറായി/കണ്ണൂർ: സദാചാരഗുണ്ടാ ആക്രമണത്തെത്തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്‌ഡിപിഐക്കാരായ മൂന്നുപ്രതികൾ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. മറ്റു പ്രതികളെ തിരയുകയാണ്. വിവരശേഖരണത്തിനായി യുവതിയുടെ സുഹൃത്തിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും നേരിൽ കാണാനോ ഫോണിൽ ബന്ധപ്പെടാനോ കഴിഞ്ഞില്ല.
ഞായറാഴ്ച കായലോട് അച്ചങ്കര പള്ളിക്കുസമീപം മയ്യിൽ സ്വദേശിയായ സുഹൃത്തുമായി കാറിനരികിൽ യുവതി സംസാരിക്കുമ്പോഴാണ് അഞ്ചംഗ സദാചാരഗുണ്ടാസംഘം എത്തിയത്. യുവാവിനെ ചോദ്യംചെയ്യുകയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തു. മൊബൈൽഫോണും ടാബും പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവുമുണ്ടായി. ഇതിന്റെ മനോവിഷമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് യുവതി വീട്ടിൽ തൂങ്ങിമരിച്ചത്.
യുവതിയുടെ വസ്ത്രത്തിനുള്ളിൽനിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് എസ്‌ഡിപിഐക്കാർ അറസ്‌റ്റിലായത്. കായലോട് പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെവളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർ റിമാൻഡിലാണ്.
0 comments