ലിന്റോ ജോസഫ് എംഎൽഎയെ അധിക്ഷേപിച്ച ലീഗുകാരൻ പിടിയില്‍

മുക്കം: ലിന്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമ ഗ്രൂപ്പിൽ വ്യക്തിപരമായി അധിക്ഷേപിച്ച് ലീഗ് പ്രവർത്തകൻ പിടിയില്‍. അപകടത്തിൽ കാലിന് പരിക്കേറ്റ ലിന്റോ ജോസഫിനെ വികലാംഗനെന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ച പന്തിരാങ്കാവ് പുത്തൂർവട്ടം സ്വദേശി അസ്‌ലം മുഹമ്മദിനെ തിരുവമ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി നൽകിയ പരാതിയിലാണ് നടപടി.
എംഎൽഎയെ അധിക്ഷേപിച്ച ലീഗുകാരനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഗുരുതരരോഗാവസ്ഥയിലായിരുന്ന ഒരു ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ ലഭ്യമല്ലാതെ വന്നപ്പോൾ സ്വയം ആംബുലൻസ് ഓടിച്ചുപോകവേ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ലിന്റോ ജോസഫിന്റെ കാലിന് ചലനവൈകല്യം സംഭവിക്കുന്നത്. സഹജീവിയുടെ ജീവൻരക്ഷിക്കുന്നതിനിടയിൽ പറ്റിയ അപകടത്തെ തുടർന്നുണ്ടായ കാലിലെ പരിക്കിനെയാണ് ലീഗുകാരൻ മോശമായ വാക്കുകളിൽ അധിക്ഷേപിച്ചത്.

അധിക്ഷേപിക്കുന്നവർ അറിയണം ആ അത്‌ലീറ്റിനെ
ഏഴുവർഷംമുമ്പ് സഹജീവിയുടെ ജീവൻരക്ഷിക്കാൻ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് ഓടിക്കുമ്പോഴുണ്ടായ അപകടത്തിലാണ് ലിന്റോ ജോസഫിന് വലതുകാലിന്റെ ശേഷി നഷ്ടമായത്. സ്കൂൾകാലത്തെ ദീർഘദൂര ഓട്ടമത്സരങ്ങളിൽ സജീവമായിരുന്നു ലിന്റോ. കായികമേഖലയിൽ പുതുവേഗങ്ങൾ തേടി പ്രമുഖ പരിശീലകനായ കെ പി തോമസിന്റെ ശിഷ്യനാകാനാണ് മുണ്ടക്കയത്തിനടുത്ത ഏന്താർ ജെജെഎംഎം എച്ച്‌എസ്‌എസിൽ പ്ലസ് വണ്ണിന് പ്രവേശനം നേടിയത്. 1500, 3000, 5000 മീറ്റർ ഇനങ്ങളിലെല്ലാം ലിന്റോ തിളങ്ങി. സംസ്ഥാന– ദേശീയ മെഡലുകളും സ്വന്തമാക്കി. മാരത്തണിലും ലിന്റോ മെഡലുകൾ ഓടിയെടുത്തു.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നതോടെ ട്രാക്കിനോട് വിടപറഞ്ഞു. നാട്ടിലെ ഫുട്‌ബോൾ മൈതാനങ്ങളിലും ലിന്റോ സജീവമായിരുന്നു. 2019 ആഗസ്തിലെ പ്രളയകാലത്താണ് ആ ദുരന്തമുണ്ടായത്. പ്രദേശത്തെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. പെരുമഴയത്ത് ആംബുലൻസ് ഓടിക്കാൻ ഡ്രൈവറെ കിട്ടിയില്ല. പൂവമ്പാറ ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന്റെ വളയം ലിന്റോ പിടിച്ചു. മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെ മുക്കം കയ്യിട്ടാപ്പൊയിലിൽ എതിരെയെത്തിയ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ വലതുകാൽ പൂർണമായി തകർന്നു. കോഴിക്കോട്, വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രികളിലായിരുന്നു പിന്നീട് ഒരുമാസം. ആറുമാസം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. വലതുകാലിന്റെ സ്വാധീനം പൂർണമായും വീണ്ടെടുക്കാനായിട്ടില്ല. പേശികൾക്ക് കേടുപാട് സംഭവിച്ചതോടെ സ്പർശനശേഷി നഷ്ടമായി. ഇപ്പോഴും വലതുകാലിന് ഒന്നര ഇഞ്ച് നീളക്കുറവുണ്ട്.
കാൽ തകർന്നിട്ടും തോറ്റുകൊടുക്കാൻ തയ്യാറായില്ല. ഉൗന്നുവടിയിലും സഖാക്കളുടെ കൈപിടിച്ചും പൊതുരംഗത്ത് നിറഞ്ഞുനിന്നു. കാലിന്റെ ശേഷിക്കുറവ് ആരും കുറവായി കണ്ടില്ലെന്നും സഖാക്കളും നാട്ടുകാരുമെല്ലാം പരമാവധി പിന്തുണ നൽകിയെന്നും ലിന്റോ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റായും എംഎൽഎയായും ജനം ലിന്റോയെ നെഞ്ചോടുചേർത്തു. നാടിനെ ലിന്റോയും.










0 comments