ad
Deshabhimani

പൊതു ഇടങ്ങളിൽ സൂര്യാഘാത പ്രഥമശുശ്രൂഷാ സ‍ൗകര്യങ്ങൾ

print edition ഇനി ഹീറ്റ്‌ ആക്ഷൻ പ്ലാൻ

Heat
വെബ് ഡെസ്ക്

Published on Apr 26, 2026, 01:40 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ സൂര്യാഘാത പ്രഥമശുശ്രൂഷാ സ‍ൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. പ്രധാന മാർക്കറ്റ്‌, ബസ്‌ സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിൽ കുടിവെള്ളം, ഒആർഎസ് എന്നിവയും കരുതും. ഉഷ്‌ണതരംഗ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.


മാർക്കറ്റ്‌, പൊതുസ്ഥലം എന്നിവിടങ്ങളിൽ താൽക്കാലിക തണൽപ്പന്തലും തണ്ണീർപ്പന്തലും സ്ഥാപിക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നൽ സമയ ദൈർഘ്യംകുറയ്ക്കാൻ കലക്ടർമാർ നടപടി സ്വീകരിക്കണം. പ്രാദേശിക താപപ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. ഓരോ പ്രദേശത്തെയും ദുരന്തസാധ്യത ലഘൂകരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിന്‌ സംസ്ഥാന ദുരന്തപ്രതിരോധ നിധിയിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാനും നിർദേശിച്ചു.


മുഴുവൻ അങ്കണവാടികളും സാങ്കേതികവിദ്യകൾ ഉപയോഗിച്ച് താപപ്രതിരോധ കെട്ടിടങ്ങളാക്കും. കൂൾ റൂഫ്, വെന്റിലേഷൻ തുടങ്ങിയവ ഉറപ്പുവരുത്തും. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും എനർജി മാനേജ്മെന്റ്‌ സെന്ററും ചേർന്ന് തയ്യാറാക്കിയ പദ്ധതി വനിതാശിശുക്ഷേമ വകുപ്പും തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ആവശ്യമായ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും. ആരോഗ്യ കേന്ദ്രങ്ങളെയും താപപ്രതിരോധ കെട്ടിടങ്ങളാക്കാൻ നടപടിയെടുക്കും.


താപനില, ഉഷ്ണതരംഗ സാധ്യത തുടങ്ങിയവ സംബന്ധിച്ച്‌ ജനങ്ങൾക്ക് അറിയിപ്പു നൽകാൻ സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം. താപനില, മഴ, ആർദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ശേഖരിച്ച്‌ പ്രാദേശികമായി പ്രദർശിപ്പിക്കണം. വയനാട് ജില്ലയ്‌ക്കായി തയ്യാറാക്കിയ പദ്ധതി നടപ്പാക്കാൻ ദുരന്തനിവാരണ വകുപ്പ് മുൻകൈയെടുക്കണം. മഴമാപിനികൾ സ്ഥാപിക്കുന്നത്‌ മൺസൂണിനുമുന്പേ പൂർത്തിയാക്കണം. അതിനാവശ്യമായ ഫണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.


2 മരണം; 11 പേർക്ക്‌ പൊള്ളലേറ്റു


തിരുവനന്തപുരം: വേനലും ചൂടും കനത്തതോടെ സംസ്ഥാനത്താകെ സൂര്യാഘാതവും സൂര്യാതപവും റിപ്പോർട്ടുചെയ്തു. കൊല്ലം, പാലക്കാട്‌ ജില്ലകളിൽ രണ്ടുപേർ മരിച്ചത്‌ സൂര്യാഘാതത്താലാണെന്ന്‌ സംശയിക്കുന്നു. കൊല്ലം കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പി (84, റിട്ട. എയർഫോഴ്സ്) നെ മരച്ചീനി കൃഷിയിടത്തിലാണ്‌ മരിച്ചനിലയിൽ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്‌. ശനി പകൽ 11.45നാണ് സംഭവം.


പാലക്കാട്‌ പട്ടാന്പി ശങ്കരമംഗലത്ത് ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീർ (70) വീട്ടുവളപ്പിലാണ്‌ മരിച്ച നിലയിൽ കാണപ്പെട്ടത്‌. പോസ്‌റ്റുമോർട്ടത്തിലൂടെ മാത്രമേ സൂര്യഘാതം സ്ഥിരീകരിക്കൂ. സംസ്ഥാനത്ത്‌ വിവിധ ജില്ലകളിലായി 11 പേർക്ക്‌ സൂര്യാതപമേറ്റു. ആലപ്പുഴ ജില്ലയിൽ സൂര്യാതപമേറ്റ് അഞ്ചുപേർ ചികിത്സനേടി. സിപിഐ എം ചേർത്തല ഏരിയ സെക്രട്ടറി ബി വിനോദ്‌, അർത്തുങ്കൽ പഴന്പാട്ടിൽ സെബാസ്‌റ്റ്യൻ, തൈക്കൽ നാലുതൈക്കൽ ആന്റണി, ചേർത്തല നഗരസഭ മൂന്നാംവാർഡ്‌ പുതുവൽനികർത്ത് കമലാക്ഷി, അർത്തുങ്കൽ മനക്കോടം പറമ്പിൽ ബാബു, എന്നിവർക്കാണ്‌ സൂര്യാതപമേറ്റത്‌. കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ടുപേർക്കും സൂര്യാതപമേറ്റു. ചെറുപുഴ കുണ്ടംതടത്തിൽ കാഞ്ഞിരത്താംകുന്ന് ബെന്നി, കാസർകോട്ട്‌ പനത്തടി ചെറുപനത്തടിയിലെ റബർ ടാപ്പിങ് തൊഴിലാളി ടിറ്റോ ജോസഫ്‌ എന്നിവർക്കാണ്‌ പൊള്ളലേറ്റത്‌.


കോഴിക്കോട്‌ താമരശേരി പരപ്പൻപൊയിൽ താമസിക്കുന്ന അരിപ്പറ്റമ്മൽ സുജേഷ്, കൊടുവള്ളി പോർങ്ങോട്ടൂർ ചേലോണ അമൽ ഷാജ് എന്നിവർക്ക്‌ പൊള്ളലേറ്റു. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂവാറ്റുപുഴ സെക്ഷനിലെ വർക്കർ കെ എൻ അരുൺകുമാറിനും പൊള്ളലേറ്റു. പാലക്കാട്‌ ആലത്തൂർ ട‍ൗണിൽവച്ച്‌ അഡ്വക്കറ്റ്‌സ്‌ ക്ലർക്ക്‌ അജിത് ഉണ്ണികൃഷ്ണന് ശനിയാഴ്ച പകൽ 11.30 ന്‌ സൂര്യാതപമേറ്റു. ശരീരത്തിന്റെ പുറംഭാഗം പൊള്ളി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home