Deshabhimani

സർക്കാരിന്റെ നയരൂപീകരണം ബഹുരാഷ്ട്ര കമ്പനിയെ എൽപ്പിച്ചത് ജനാധിപത്യത്തിന് ഭീഷണി: പ്രതിപക്ഷ നേതാവ്

cm pinarayi
വെബ് ഡെസ്ക്

Published on Sep 30, 2026, 07:12 PM | 2 min read

തിരുവനന്തപുരം: സർക്കാരിന്റെ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തിയ തീരുമാനത്തിൽ കോൺഗ്രസും യുഡിഎഫ് സഖ്യകക്ഷികളും പൊതുനിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഈ നിലപാട് ജനാധിപത്യ ഭരണരീതിയോടുള്ള അവജ്ഞയും വോട്ടർമാരോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.


'റീ ഇമാജിനിംഗ് കേരളം' എന്ന പേരിൽ സർക്കാരിന്റെ മുൻഗണനാ പദ്ധതികളെ നിശ്ചയിക്കുകയും അവയുടെ നടത്തിപ്പിനായി ലണ്ടൻ ആസ്ഥാനമായുള്ള 'ഗ്രാൻറ് തോൺടൺ' എന്ന ബഹുരാഷ്ട്ര കമ്പനിക്ക് 50 ലക്ഷം രൂപ പ്രതിഫലം നൽകിയ വാർത്തയാണ് തെളിവ് സഹിതം പുറത്തുവന്നിരിക്കുന്നത്. സർക്കാരിന്റെ തന്ത്രപ്രധാനമായ പരിപാടികളും പദ്ധതികളും ഏകോപിപ്പിക്കാൻ 40 പേരടങ്ങിയ വിദേശ കമ്പനിയിലെ ജീവനക്കാരെയാണ് ഏൽപ്പിച്ചത്. പദ്ധതി വിശദാംശങ്ങളുടെ രഹസ്യാത്മകതയെ ഇത് ബാധിക്കും. സർക്കാർ സംവിധാനങ്ങളെയാകെ ഒഴിവാക്കി, ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സർക്കാർ തന്നെ നിയോഗിച്ച പ്ലാനിംഗ് ബോർഡിനെ തന്നെയും അവഗണിച്ചാണ് കോർപ്പറേറ്റ് ഉപദേശികളെ ഏൽപ്പിച്ചിരിക്കുന്നത്.


പ്രത്യേക സാങ്കേതിക ഉപദേശങ്ങൾക്ക് പരിജ്ഞാനമുള്ള ഏജൻസികളെ കൺസൾട്ടൻസികളായി ഉപയോഗിക്കുന്നതുപോലെയല്ല നയരൂപീകരണവും മുൻഗണന നിശ്ചയിക്കുന്നതിനുള്ള തീരുമാനവും ബഹുരാഷ്ട്ര കമ്പനിയെ ഏൽപ്പിക്കുന്നത്. ഇത്‌ വെറുമൊരു ധൂർത്ത് എന്ന രീതിയിൽ മാത്രം വിലയിരുത്തേണ്ട കാര്യമല്ല. സർക്കാരിന്റെ മുൻഗണനയും നയരൂപീകരണവും നടത്തേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭയോ ജനങ്ങൾ വിശ്വാസമർപ്പിച്ച രാഷ്ട്രീയ നേതൃത്വമോ ആണ്, അല്ലാതെ ബഹുരാഷ്ട്ര കൺസൾട്ടൻസികളല്ല. നയരൂപീകരണത്തിന് ചുമതലപ്പെട്ട സംസ്ഥാന ആസൂത്രണ ബോർഡ് പോലെയുള്ള സർക്കാർ സംവിധാനങ്ങൾക്ക് പോലും റോളില്ലാതെ ഇതെല്ലാം തീരുമാനിക്കാൻ പുറം കരാർ നൽകുന്നത് ശരിയായ രീതിയല്ല.


യുഡിഎഫ് സർക്കാർ ഭരണമേറ്റ ഉടനെ ധനവകുപ്പ് പുറത്തിറക്കേണ്ട ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചതിലും ഇതേ പാറ്റേൺ നമ്മൾ കണ്ടതാണ്. രഹസ്യരേഖകളും സർക്കാർ ഫയലുകളുമെല്ലാം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആ ഘട്ടത്തിൽ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ അതേ രീതി പല വിഷയങ്ങളിലും തുടരുകയാണ്.


മന്ത്രിമാരുടെ വിദേശ യാത്രകളും ഉപയോഗിക്കുന്ന വാഹനങ്ങളും വരെ അജ്ഞാതരായ പല സ്പോൺസർമാരും നിർവ്വഹിക്കുന്ന സ്ഥിതിയാണുള്ളത്. ലക്ഷങ്ങൾ ചിലവഴിക്കുന്ന ഇവരുടെ താൽപ്പര്യം എന്താണ് എന്ന് ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുകയാണ്. സർക്കാർ സംവിധാനങ്ങളെ ഒട്ടും വിശ്വാസത്തിലെടുക്കാതെ മറ്റാശ്രിതവൃന്ദങ്ങളെ എല്ലാ മേഖലകളിലും നിയോഗിക്കുന്ന രീതി ഭരണനിർവ്വഹണത്തിന്റെ സുതാര്യതയെ ഇല്ലാതാക്കുകയാണ്. ഇങ്ങനെ സ്വകാര്യ മേഖലയുടെ താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നത് അപകടകരവും ഭരണാധികാരികളുടെ പബ്ലിക്ക് അക്കൗണ്ടബിലിറ്റി ഹനിക്കുന്ന പ്രവർത്തിയുമാണ്. സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും പിണറായി വിജയൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home