ഡിവിഷൻ വിഭജനം: പാലക്കാടിന് മൂന്നിൽ രണ്ട് ഇ–ക്യൂ വിഹിതം

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനിലെ പ്രധാന ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിൽ ലയിപ്പിച്ചതോടെ പാലക്കാടിന്റെ എമർജൻസി ക്വോട്ടയും (ഇ–ക്യൂ) വിഭജിച്ചു. പാലക്കാട് ഡിവിഷന് മൂന്നിൽ രണ്ട് ഇ–ക്യൂ ടിക്കറ്റാണ് ലഭിക്കുക. മംഗളൂരുവിൽനിന്ന് പതിനെട്ടിലധികം ട്രെയിനുകളാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. എട്ട് ട്രെയിനുകൾ ഗോവ– മൈസൂരു ഭാഗത്തേക്കുമുണ്ട്. ഇതിൽ ഭൂരിപക്ഷവും എക്‌സ്‌പ്രസുകളാണ്.
അടിയന്തര ചികിത്സ, മറ്റ് അത്യാവശ്യയാത്ര, ഔദ്യോഗിക ആവശ്യങ്ങൾ എന്നിവയ്ക്കായി ഒരോ ട്രെയിനുകളിലും റെയിൽവേ നിശ്ചിത ടിക്കറ്റ് മാറ്റിവയ്‌ക്കാറുണ്ട്. ശരാശരി 30 സ്ലീപ്പർ, പത്ത് സെക്കൻഡ് എസി, 15–20 തേർഡ് എസി ടിക്കറ്റ് എന്നിവയാണ് ഇ–ക്യൂവിനായി നീക്കിവയ്‌ക്കുന്നത്.
മംഗളൂരു ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ ഇന്ന് അര്‍ധരാത്രി മുതല്‍ മൈസൂരുവിന്റെ ഭാഗമാകും. ഉള്ളാൾ മുതൽ മംഗളൂരു, പനമ്പൂർ ഉൾപ്പടെയുള്ള ഭാഗങ്ങളാണ് മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്നത്. ആഗസ്ത് 21നാണ് കേന്ദ്രം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് പൂർണമായി ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്നെങ്കിലും തിരക്കിട്ട് നടപടികൾ പൂർത്തിയാക്കുകയായിരുന്നു. മംഗളൂരു മൈസൂരൂ ഡിവിഷനിൽ ലയിക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ ഏറ്റവും വലിയ വരുമാന സ്രോതസ് അടയും.








0 comments