ad
Deshabhimani

ആനവണ്ടിക്ക്‌ സർക്കാർ വക അള്ള്‌

KSRTC
avatar
ജി രാജേഷ്കുമാർ

Published on Sep 16, 2026, 10:42 AM | 2 min read

കെഎസ്ആർടിസിയെ വീണ്ടും കടക്കെണിയിലേക്ക്‌ തള്ളിവിടുന്ന തീരുമാനങ്ങളാണ്‌ സംസ്ഥാന സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്‌. പ്രിയദർശിനി സ‍ൗജന്യ ബസ്‌ യാത്രാ പദ്ധതിക്ക്‌ വേണ്ടത്‌ അടക്കം തുക സഹിതം കോർപറേഷൻ കടമെടുക്കാനാണ്‌ സർക്കാർ നിർദേശം. ഇതുവഴി പ്രതിവർഷം 100 കോടി രൂപയെങ്കിലും പലിശയായി കെഎസ്‌ആർടിസി നൽകേണ്ടിവരും. പകുതി സർക്കാർ നൽകുമെന്ന വാഗ്‌ദാനം മാത്രമാണുള്ളത്‌.


പ്രിയദർശനി പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ വരുമാനത്തിൽ പ്രതിദിനം ശരാശരി മൂന്നുകോടി രൂപവരെ കുറവുവരുന്നു. തിങ്കളാഴ്ച 3.26 കോടി രൂപയുടെ പാസഞ്ചർ ഫ്രീ ടിക്കറ്റ്‌ നൽകി. ഞായറാഴ്‌ചയാകട്ടെ 2.15 കോടി രൂപയുടേതും. അവധി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ മുന്നുകോടി രൂപയിൽ പുറത്താണ്‌ സ‍ൗജന്യ യാത്രാ ടിക്കറ്റായി വിതരണം ചെയ്യുന്നത്‌. പ്രതിമാസം 90 മുതൽ 100 കോടി രൂപവരെ കെഎസ്‌ആർടിസിക്ക്‌ വരുമാന നഷ്ടമുണ്ട്‌. ഇ‍ൗ തുക ബിൽ ഡ‍ൗസ്‌ക്ക‍ൗണ്ടിങ്‌ രീതിയിൽ കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന്‌ വായ്‌പ എടുക്കാനാണ്‌ നിർദേശം. 8.95 ശതമാനമാണ്‌ പലിശ.


നേരത്തെ എൽഡിഎഫ്‌ സർക്കാർ എല്ലാ മാസവും 123.84 കോടി രൂപവീതം സർക്കാർ സഹായമായി കെഎസ്‌ആർടിസിക്ക്‌ നൽകിയിരുന്നു. പെൻഷൻ വിതരണത്തിന്‌ 73.84 കോടി രൂപയും. ശന്പള വിതരണത്തിനുള്ള സഹായമായി 50 കോടി രൂപയും. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാണ്‌ പെൻഷൻ വിതരണത്തിനുള്ള തുക നൽകിയിരുന്നത്‌. അത്‌ പലിശ സഹിതം സർക്കാർ തിരിച്ചുനൽകിയിരുന്നു. ശന്പള വിതരണത്തിനുള്ള സഹായം 50 കോടി രൂപ സർക്കാർ നേരിട്ടും നൽകിയിരുന്നു. ഇ‍ൗ തുകകൾ ഇപ്പോൾ ബിൽ ഡിസ്‌ക‍ൗണ്ടിങ് വഴി വായ്‌പയായി എടുക്കുകയാണ്. ഇതിനും 8.95 ശതമാനം പലിശ നൽകണം. കഴിഞ്ഞമാസം ബിൽ ഡിസ്‌ക‍ൗണ്ടിങ്‌ രീതയിൽൽ 50 കോടി രൂപ വായ്‌പ എടുത്തപ്പോൾ കെഎഫ്‌സി കോർപറേഷന്‌ നൽകിയത്‌ 47.90 കോടി രൂപയാണ്‌. ബാക്കി പലിശയായി ഇ‍ൗടാക്കി. പെൻഷൻ ഇനത്തിൽ 73.84 കോടി രൂപയ്‌ക്ക്‌ ബിൽ ഡിസ്‌ക‍ൗണ്ടിങ്‌ നൽകിയപ്പോൾ 3.49 പലിശ ഇനത്തിൽ പിടിച്ചു. ബാക്കി തുകയാണ്‌ നൽകിയത്‌. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പ്രിയദർശിനി ടിക്കറ്റ്‌ തുക 280.87 കോടി രൂപ ബിൽ ഡിസ്‌ക‍ൗണ്ടിങ്ങിനായി കെഎഫ്‌സിയ്‌ക്ക്‌ നൽകിയപ്പോൾ 11.84 കോടി രൂപ പലിശയായി കുറച്ചു.


മുഖ്യമന്ത്രി അവകാശപ്പെട്ടത്‌


‘സര്‍ക്കാരിന്റെ ഗ്രാന്റ് കൊടുക്കാതെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ പറ്റാവുന്ന തരത്തിലേക്ക് കെഎസ്ആര്‍ടിസിയെ കൊണ്ടുപോവുകയാണ് ഞങ്ങളുടെ ലക്ഷ്യം’


യാഥാർത്ഥ്യം


പ്രിയദർശനി പദ്ധതി കെഎസ്‌ആർടിസിക്കുമേൽ സർക്കാർ അടിച്ചേൽപ്പിച്ചു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ കോർപറേഷൻ വായ്‌പ എടുക്കണം. സർക്കാർ സഹായമായി നൽകിയുന്ന തുകയും വായ്‌പാ രൂപത്തിലാക്കി. തുകയും പലിശയുടെ പകുതിയും സർക്കാർ വഹിക്കുമെന്ന വാഗ്‌ദാനം മാത്രം. പലിശയുടെ പകുതി വർഷം ഏതാണ്ട്‌ 90 മുതൽ 100 കോടിയോളം രൂപയുടെ ബാധ്യത കെഎസ്‌ആർടിസിക്കുമേൽ. കെഎഫ്‌സി ബിൽ ഡിൽക്ക‍ൗണ്ട്‌ തിരിച്ചടവ്‌ കാലാവധി ആറു മാസമാണ്‌. 600 കോടി രൂപയുടെ വായ്‌പാ വാഗ്‌ദാനമാണ്‌ കെഎഫ്‌സി നൽകിയിട്ടുള്ളത്‌. മൂന്നു മാസത്തിനുള്ളിൽ 350 കോടി രൂപ എടുത്തുകഴിഞ്ഞു. അവശേഷിക്കുന്നത്‌ 250 കോടി രൂപമാത്രം. കെഎഫ്‌സിക്ക്‌ സർക്കാർ കൃത്യമായി പണം മടക്കി നൽകിയില്ലെങ്കിൽ കെഎസ്‌ആർടിസിക്ക്‌ വലിയ ബാധ്യതയായി മാറും.


സ്വയം പര്യാപ്‌തത നഷ്ടപ്പെടും


കെഎസ്‌ആർടിസിയെ കടക്കെടിയിൽനിന്ന്‌ കരക്കയറ്റി സ്വന്തം കാലിൽനിൽക്കാൻ പ്രാപ്‌തി നേടിയശേഷമാണ്‌ പുതിയ ബാധ്യതകൾ തലയിൽ വച്ചൂകൊടുക്കുന്നത്‌. കോർപറേഷന്റെ ഏറ്റവും വലിയ ബാധ്യത കെടിഡിഎഫിസിയിൽനിന്ന്‌ എടുത്ത വായ്‌പയുടെ കുടിശികയായിരുന്നു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഇ‍ൗ ബാധ്യത തീർക്കാൻ 625 കോടി രൂപ സഹായമായി നൽകി. ഇതവഴി ബാധ്യതകൾ തീർക്കുകയും, ഒപ്പം സ്ഥാപനത്തിന്റെ ആസ്‌തി പുനർമൂല്യനിർണയത്തിനുള്ളിൽ നടപടികൾ ആരംഭിക്കുകയും ചെയ്‌തു. കോർപറേഷന്റെ പ്രവർത്തന വിപുലീകരണത്തിന്‌ സഹായകമാകുന്ന നിലയിലുള്ള പുനഃസംഘടനയ്‌ക്കാണ്‌ തുടക്കമിട്ടത്‌. അതെല്ലാം തകർക്കുന്ന രീതിയിലാണ്‌ പുതിയ കട ബാധ്യതകളും അധിക സാന്പത്തിക ഭാരവും കോർപറേഷനുമേൽ അടിച്ചേൽപ്പിക്കുന്നത്‌.


മുടക്കങ്ങൾ തുടങ്ങി


നേരിട്ടുള്ള സർക്കാർ സഹായം നിലച്ചതോടെ ആഗസ്‌തിലെ പെൻഷൻ ചൊവ്വാഴ്‌ചയാണ്‌ വിതരണം ആരംഭിച്ചത്‌. ജീവനക്കാരുടെ മറ്റ്‌ ആനുകുല്യങ്ങളിലും വലിയ കുടിശികയാണുള്ളത്‌. ഒപ്പം ഡിപ്പോകളുടെ നവീകരണം അടക്കം കോർപറേഷൻ ഏറ്റെടുത്ത പദ്ധതികളെല്ലാം സ്‌തംഭിച്ച നിലയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home