കോൺഗ്രസും ലീഗും നേർക്കുനേർ; കേരളത്തിൽ ഭായി ഭായി, മാഹിയിൽ ദുശ്‌മൻ

തലശേരി: യുഡിഎഫിലെ പ്രബല ഘടകകക്ഷികളായ മുസ്ലിംലീഗും കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേർക്കുനേർ ഏറ്റുമുട്ടുന്നു. പുതുച്ചേരി നിയമസഭയുടെ ഭാഗമായ മാഹി മണ്ഡലത്തിലാണ് ഇരുകൂട്ടരും അങ്കത്തട്ടിൽ മുഖാമുഖം നിൽകുന്നത്.
സിറ്റിങ്ങ് എംഎൽഎയും കോൺഗ്രസ് നേതാവുമായ രമേഷ് പറമ്പത്തിനെതിരെ മുസ്ലിംലീഗിലെ മുഹമ്മദ് സമീൽ കാസിമാണ് മത്സരിക്കുന്നത്. കനത്ത പരാജയം മുന്നിൽ കാണുകയാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 300 വോട്ടിനാണ് എൽഡിഎഫ് സ്വതന്ത്രൻ എൻ ഹരിദാസൻ മാസ്‌റ്ററെ കോൺഗ്രസ് തോൽപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ ടി അശോക് കുമാറാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി.
നാലരപതിറ്റാണ്ടുകാലത്തെ കോൺഗ്രസ് അവഗണനക്കെതിരെയാണ് മത്സരമെന്നാണ് മുസ്ലീം ലീഗ് മാഹി ജില്ല നേതൃത്വം പറയുന്നത്. യുഡിഎഫിലെ ധാരണ പ്രകാരം 1986ൽ മാഹി മണ്ഡലത്തിൽ മുസ്ലിംലീഗിലെ സി വി സുലൈമാൻ ഹാജി മത്സരിച്ചിരുന്നു. അന്ന് കോൺഗ്രസ് വിമത മത്സരിച്ചാണ് ലീഗിനെ തോൽപിച്ചത്. പുതുച്ചേരി സംസ്ഥാനത്ത് മുപ്പതിൽ ഒരു സീറ്റെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പിസിസി നേതൃത്വം അനുവദിച്ചില്ല.
ഘടകകക്ഷിയെന്ന പരിഗണന പോലും ഇക്കാലത്രയും നൽകിയില്ലെന്നും മുസ്ലിംലീഗ് ആരോപിക്കുന്നു. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീന്റെ നിർദേശ പ്രകാരമാണ് മാഹിയിൽ മുസ്ലിംലീഗ് പത്രിക നൽകിയത്. നൂറിലേറെ പ്രവർത്തകർ പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. അവസാന നിമിഷം കേരള മുസ്ലിംലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും നേരിൽ കണ്ട് കോൺഗ്രസ് സ്ഥാനാർഥി പിന്തുണ അഭ്യർഥിച്ചിരുന്നു.










0 comments