ഇ ഡി റെയ്‌ഡ്: ആർഎസ്‌എസ്– യുഡിഎഫ് ഡീലിന്റെ തെളിവ്


റഷീദ് ആനപ്പുറം
Published on May 27, 2026, 11:16 AM | 2 min read
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ റെയ്‌ഡ് ഓടെ ആർഎസ്‌എസ്– യുഡിഎഫ് ഡീൽ പുറത്ത്. മംഗളൂരുവിലും കഴിഞ്ഞ ദിവസം ഡൽഹിയിലും മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ യാത്രയ്‌ക്ക് പിന്നിൽ ആർഎസ്‌എസിന്റെ കണ്ണിലെ കരടായ പിണറായി വിജയനെയും അതുവഴി സിപിഐ എമ്മിനെയും വേട്ടയാടലായിരുന്നു ലക്ഷ്യം. ഭരണത്തിലേറി പത്ത് ദിവസത്തിനകം സംഘപരിവാരത്തെ വാരി പുണരുന്ന സതീശന്റെ ഓരോ നീക്കവും ഇതോടൊപ്പം കൂട്ടി വായിക്കാം. കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ ഭരണം നടത്തി എൽഡിഎഫ് സർക്കാരിനെ വേട്ടയാടി കേന്ദ്ര ഏജൻസികൾക്ക് പരവതാനി വിരിച്ച പാരമ്പര്യമാണ് വി ഡി സതീശന്റേത്.
ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ഇ ഡിക്ക് വേട്ടയാടാൻ കൂട്ടുനിന്നത് കോൺഗ്രസാണ്. അന്നത്തെ പിസിസി പ്രസിഡന്‍റായിരുന്നു പരാതിക്കാരൻ. സ്വർണ കടത്ത് ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ നിർമിച്ചെടുത്ത കള്ള കഥകൾക്ക് ആവേശത്തോടെ ചൂട്ടുപിടിച്ചത് വി ഡി സതീശനും കൂട്ടരുമാണ്. ആതിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്.
മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
ഭരണത്തിലേറി പത്തു ദിവസത്തിനകം രണ്ട് തവണയാണ് വി ഡി സതീശൻ ഡൽഹിയിൽ എത്തിയത്. തന്റെ കാബിനെറ്റിലെ ഒരു മന്ത്രിയേയും സതീശൻ കൂടെ കൂട്ടിയിട്ടില്ല. മണിക്കൂറുകളോളമാണ് അദ്ദേഹം പ്രധാനമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തിതയ്. ആർഎസ്‌എസ് അജണ്ട നടപ്പാക്കുന്നതിന്റെ കാർമികനായ അമിത്‌ഷായുമായി ഇന്ന് സതീശൻ ചർച്ച നടത്തുന്നുണ്ട് എന്നാണ് വാർത്ത. ഇൗ റെയ്‌ഡ് ഇരുവർക്കും നല്ലൊരു മധുരമാകും. പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട് എന്ന് പലപ്പോഴായി ചോദിച്ചത് സതീശൻ മാത്രമല്ല, രാഹുൽ ഗാന്ധിയുമാണ്. സ്വന്തം കൈക്കും അമ്മയുടെ കൈക്കും വയ്‌ക്കാനുള്ള വിലങ്ങുമായാണ് ഇ ഡി നടക്കുന്നത് എന്ന് മറന്നാണ് രാഹുലിന്റെ ചോദ്യ ശരങ്ങൾ. അത് ഇപ്പോൾ ഇ ഡി പ്രാവർത്തികമാക്കുന്നു എന്നതിൽ ഇരുവർക്കും ‘സന്തോഷിക്കാം’.
ചാർട്ടേഡ് വിമാനത്തിൽ സതീശൻ എന്തിന് മംഗളൂരുവിലേക്ക് യാത്ര ചെയ്‌തു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അദ്ദേഹത്തിനായിട്ടില്ല. ബിജെപിയുടെ ഇടനിലക്കാർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ച എന്തായിരുന്നു? വിമാനത്തിന്റെ ചിലവ് വഹിച്ചത് ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സതീശന് തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട ആർഎസ്‌എസ്– യുഡിഎഫ് ഡീലിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് സതീശൻ മംഗളൂരുവിൽ എത്തിയത് എന്ന് ആരോപണം അന്നേ ഉയർന്നിരുന്നു.
വി ഡി സതീശൻ ആർഎസ്‌എസ് പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തെ പൂജിക്കുന്നു
സത്യപ്രതിജ്ഞയിൽ വന്ദേമാതരം പൂർണമായും ആലോപിച്ചത് ആർഎസ്‌എസ് പ്രീണണത്തിന്റെ ഭാഗമാണ്. തുടർന്ന് ആരിഫ് മുഹമ്മദ് ഖാന്റെ സ്വന്തക്കാരൻ ജാജുബാബുവിനെ അഡ്വക്കറ്റ് ജനറലാക്കി. എസ്‌ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേരളത്തിൽ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് കമീഷണർ രത്തൽ കേൽഖറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കി. പിഎംശ്രീയുടെ കാര്യത്തിലും ഉരുണ്ടുകളി തുടങ്ങി. സതീശൻ ബിജെപിയുടെ ബി ടീമായാണ് കേരളത്തിൽ ഭരണം നടത്തുക എന്നാണ് ഇത് തെളിയിക്കുന്നു.
അല്ലെങ്കിലും ആർഎസ്‌എസ് ബന്ധം നേരത്തെ തന്നെ സതീശൻ തെളിയിച്ചിട്ടുണ്ട്. സവർക്കറുടെ ചിത്രത്തിനു മുമ്പിൽ കുമ്പിട്ട് വിളക്ക് കൊളുത്തിയ ആളാണ് സതീശൻ. സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ ന്യായീകരിക്കാനും സതീശൻ രംഗത്തു വന്നിരുന്നു. അതിന്റെ പുതിയ രൂപമാണ് ഇപ്പോൾ കേരളത്തിൽ കാണുന്ന ഇഡി റെയ്‌ഡ് നാടകം.











0 comments