print edition കടക്കെണിക്കള്ളം പൊളിഞ്ഞു: ബാലഗോപാൽ

തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന യുഡിഎഫിന്റെ വാദം ധവളപത്രം പുറത്തിറക്കിയതോടെ അവസാനിച്ചെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. ആറ് ലക്ഷം കോടിയാണ് കടം എന്ന് പ്രതിപക്ഷ നേതാവായിരിക്കെ പറഞ്ഞ സതീശൻ മുഖ്യമന്ത്രിയായതോടെ 5.07 ലക്ഷം കോടി മാത്രമാണെന്ന് സമ്മതിച്ചിരിക്കുകയാണെന്നും ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു ലക്ഷം കോടി രൂപ സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശ്ശികയുണ്ടെന്ന് പറഞ്ഞുനടന്നിരുന്ന മുൻ പ്രതിപക്ഷ നേതാവ് ഇപ്പോൾ പറയുന്നത് 48,000 കോടിയാണെന്നാണ്. അന്ന് സർക്കാർ പറഞ്ഞത് അംഗീകരിക്കാൻ തയ്യാറായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അന്ന് എൽഡിഎഫ് സർക്കാരിനെതിരെ പറഞ്ഞതെല്ലാം തെറ്റാണെന്ന് രേഖകൾ തെളിയിക്കുന്നു. ധവളപത്രം തയ്യാറാക്കുമ്പോൾ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൽനിന്ന് കിട്ടേണ്ടത് എത്രയെന്നും അതിൽ എത്ര കിട്ടിയെന്നും പറയണം. 2021ൽ 33,000 കോടിയാണ് ഗ്രാൻഡ് കിട്ടിയിരുന്നത്. കഴിഞ്ഞ വർഷം അത് 7,000 കോടിയായി കുറഞ്ഞു.
ജിഎസ്ടി നിലവിൽ വന്നശേഷമുണ്ടായ പരിഷ്‌കരണങ്ങൾ വഴിയും വലിയ വരുമാനനഷ്‌ടമുണ്ടായി. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടും ഗ്രാൻഡും വൻതോതിൽ കുറഞ്ഞു. ഇതൊന്നും ധവളപത്രത്തിലില്ല. 35,000 കോടിയുടെ പ്ലാനിൽ 20,000 കോടിയും ലഭ്യമാകാത്ത തുകയാണെന്നാണ് സതീശൻ പറയുന്നത്. പതിനാറാം ധനകമീഷൻ റിപ്പോർട്ട് വരുംമുമ്പാണ് ബജറ്റ് തയ്യാറാക്കിയത്. കേന്ദ്രവിഹിതം 3.82 ശതമാനത്തിലേക്ക് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. റവന്യൂ കമ്മി നികത്താനുള്ള ഗ്രാൻഡ് ഒരുകാലത്തും തരാതിരുന്നിട്ടില്ല. 16ാം ധനകമീഷൻ അത് നിർത്തുമെന്ന് എങ്ങനെയാണ് അറിയുന്നത്. ഇതൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കുക. ഇതൊന്നും കിട്ടിയില്ലെങ്കിലും പ്ലാനിൽ കുറവുവരാതെ പണം കണ്ടെത്താനുള്ള മാർഗം ബജറ്റിലുണ്ടായിരുന്നു. റവന്യൂ കമ്മി ഗ്രാൻഡ് തരാത്ത കേന്ദ്രനയം മര്യാദകേടാണെന്ന് പറയാനുള്ള ധൈര്യമെങ്കിലും കോൺഗ്രസിനു വേണമെന്നും ബാലഗോപാൽ പറഞ്ഞു.











0 comments