ad
Deshabhimani

print edition അധ്യാപക സ്ഥലംമാറ്റങ്ങളിലും ‘ഡീൽ’

transfer.
വെബ് ഡെസ്ക്

Published on Sep 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം : മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായി ‘പരസ്‌പര സ്ഥലംമാറ്റങ്ങൾ’ നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ്‌. ബുധൻ രാത്രി പുറത്തിറക്കിയ ഉത്തരവിലാണ്‌ വലിയതോതിൽ ‘മ്യൂച്വൽ ട്രാൻസ്‌ഫറുകൾ’ ഉൾപ്പെട്ടത്‌. സാമ്പത്തിക അഴിമതിക്ക് ഇടയാക്കുമെന്നതിനാൽ പരസ്‌പരമുള്ള സ്ഥലംമാറ്റങ്ങൾ ചട്ടവിരുദ്ധമാണ്. ഇത്‌ മറികടന്നാണ്‌ ഹൈസ്‌കൂൾ പ്രഥമാധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും ഭരണസ‍ൗകര്യാർഥമെന്നപേരിൽ മാറ്റിയത്‌.


ഇഷ്ടക്കാർക്കും ഭരണാനുകൂല സംഘടനയിലുള്ളവർക്കും ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റം നൽകിയപ്പോൾ പ്രതിപക്ഷ സംഘടനയിലെ അധ്യാപകരെ പ്രതികാര ബുദ്ധിയോടെ വിദൂര ഇടത്തേക്ക്‌ പായിച്ചു. വർഷങ്ങളായി ഓൺലൈനായി നടന്നിരുന്ന സ്ഥലംമാറ്റങ്ങളാണ്‌ ഇത്തരത്തിൽ അട്ടിമറിക്കുന്നത്‌. പരാതിയെ തുടർന്ന്‌ പാലക്കാട്‌ തൃത്താല എഇഒ കെ പ്രസാദിനെ മാറ്റിയ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. കെഎസ്‌ടിഎ സംസ്ഥാനകമ്മിറ്റി അംഗമായ കെ പ്രസാദിനെ ഭരണപരമായ യാതൊരുവിധ കാരണമോ പരാതികളോ ഇല്ലാതെയാണ് കോട്ടയം ഇടക്കുന്നം ജിഎച്ച്എസ്എസിലേക്ക് സ്ഥലംമാറ്റിയത്.


സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ പൂർത്തിയാക്കേണ്ട സ്ഥലംമാറ്റങ്ങളാണ്‌ അധ്യയനവർഷത്തിന്റെ പകുതിയിൽ തോന്നുംപടി നടത്തുന്നത്‌. മുൻകാലങ്ങളിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ ഇത്‌ തകിടംമറിഞ്ഞു. മെയിലെ വിരമിക്കൽ ഒഴിവിലേക്ക്‌ സ്ഥാനക്കയറ്റം നൽകാത്തതിനാൽ 944 സർക്കാർ സ്‌കൂളുകൾ പ്രധാനാധ്യാപകരില്ലാതെയാണ് അധ്യയനവർഷം ആരംഭിച്ചത്. പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റം വൈകി ആരംഭിച്ചുവെങ്കിലും മുഴുവൻ ഒഴിവുകളും നികത്തിയിട്ടില്ല.


ഹയർസെക്കൻഡറി പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിനുള്ള പ്രമോഷൻ കമ്മിറ്റി ചേർന്നിട്ടില്ല. അഴിമതി ലക്ഷ്യമിട്ടാണ്‌ അധ്യാപക സ്ഥലംമാറ്റങ്ങൾ അനിശ്ചിതമായി വൈകിപ്പിക്കുന്നതെന്ന്‌ ആരോപണമുണ്ട്‌. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളും പുറത്തിറങ്ങിയിട്ടില്ല. ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റവും പൂർത്തിയായിട്ടില്ല. സെൻസസിന്റെ പേരിൽ മരവിപ്പിച്ച ജില്ലാതല സ്ഥലംമാറ്റ നടപടിയാണ് പ്രതിഷേധങ്ങൾക്കൊടുവിൽ പുനരാരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home