‘സിഎം വിത്ത് മി’ തുണയായി; പ്രവാസി കുടുംബത്തിന് കരമടയ്‌ക്കാം

നിഷ രഘുവരൻ
ടി പി സുന്ദരേശൻ
Published on Mar 01, 2026, 08:04 AM | 1 min read
ചേർത്തല: പ്രവാസി കുടുംബത്തിന്റെ സങ്കീർണ ഭൂരേഖ പ്രശ്‌നം ‘സിഎം വിത്ത് മി’(മുഖ്യമന്ത്രി എന്നോടൊപ്പം) സംവിധാനത്തിലൂടെ പരിഹരിച്ചു. യുകെയിലുളള ദമ്പതികളായ എറണാകുളം രാമേശ്വരം കൗസ്‌തുഭം വീട്ടിൽ നിഷ രഘുവരൻ, ഭർത്താവ് സതീഷ്‌ബാബു എന്നിവരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്.
പെരുമ്പളത്ത് ഇവരുടെ ഒരേക്കറിൽ 2012ലെ റീസർവേ പ്രകാരം വിസ്‌തൃതിയിൽ ചെറിയ വ്യത്യാസം കണ്ടെത്തി. ഇതോടെ കരം അടയ്‌ക്കാൻ സാധിക്കാതായി. സർവേ വിഭാഗത്തിന് പരാതി നൽകിയെങ്കിലും പഴയ സർവേരേഖ ഇല്ലാതായത് പ്രതിസന്ധിയായി. സെൻട്രൽ സർവേ ഓഫീസിലും പുരാവസ്‌തു വകുപ്പിലും അന്വേഷിച്ചെങ്കിലും പഴയരേഖ കണ്ടെത്താനായില്ലെന്ന് താലൂക്ക് ഭൂരേഖ തഹസിൽദാർ എം സി അനുപമൻ പറഞ്ഞു.
നിഷ പലകുറി നാട്ടിലെത്തി പരിശ്രമിച്ചെങ്കിലും സാങ്കേതികപ്രശ്‌നം മൂലം പരിഹരിക്കാനായില്ല. അതിനിടെ സിഎം വിത്ത് മി സംവിധാനം ബന്ധുവിലൂടെ അറിഞ്ഞു. ടോൾ ഫ്രീ നന്പരിൽ വിളിച്ച് പ്രശ്‌നം വിശദീകരിച്ചു. പരിഹരിക്കാൻ നിർദേശം എത്തിയതോടെ ലിത്തോ മാപ് ഉപയോഗിച്ച് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് കൃത്യത വരുത്തി. തഹസിൽദാരുടെ നിർദേശപ്രകാരമായിരുന്നു നടപടി. തുടർന്ന് വില്ലേജ് രേഖകളിൽ മാറ്റംവരുത്തി കരം സ്വീകരിക്കാൻ ഉത്തരവിട്ടെന്ന് തഹസിൽദാർ പറഞ്ഞു.
പ്രവാസികൾക്ക് സിഎം വിത്ത് മി സംവിധാനം ഏറെ പ്രയോജനകരമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനോടും സഹായിച്ച ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായും നിഷ പ്രതികരിച്ചു.










0 comments