സെൻസർ ബോർഡിന്റെ കടുംവെട്ട്: ‘ഹാൽ’ സിനിമ ഹെെക്കോടതി ശനിയാഴ്ച കാണും

കൊച്ചി: സെൻസർ ബോർഡ് കടുംവെട്ട് വേണമെന്നാവശ്യപ്പെട്ട, ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകുന്നേരം ഏഴിന് കാണും. ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് നിർമാതാക്കൾ കോടതിയിൽ അറിയിച്ചു. ഹർജിക്കാരുടെയും ഹർജിയെ എതിര്‍ക്കുന്നവരുടെയും അഭിഭാഷകരും സിനിമ കാണും. കാക്കനാട് പടമുഗള്‍ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ആയിരിക്കും സിനിമ കാണാനുള്ള സൗകര്യം ഒരുക്കുക.
കഴിഞ്ഞ ദിവസം സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ ചോദ്യത്തിനോടാണ് കോടതി അനുകൂല തീരുമാനം അറിയിക്കുകയായിരുന്നു. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം 19 ഭാഗങ്ങൾ വെട്ടണമെന്ന സെൻസർ ബോർഡ് നടപടി ചോദ്യംചെയ്‌ത് സംവിധായകനും നിർമാതാവും നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖികെട്ടൽ എന്നീ സംഭാഷണങ്ങളും പരാമര്‍ശങ്ങളും വെട്ടിമാറ്റാനാണ് നിര്‍ദേശം. ഇവ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
കോടികൾ മുടക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നും സെൻസർ ബോർഡിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാർ വാദിച്ചു. ജെവിജെ പ്രൊഡക്‌ഷന്റെ ബാനറിൽ വീര (മുഹമ്മദ് റഫീഖ്) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാല്‍. മുമ്പ് സെൻസർ ബോർഡിന്റെ കടുംവെട്ട് നിർദേശം വന്നപ്പോൾ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയും കോടതി കണ്ടിരുന്നു.










0 comments