ജാതി അധിക്ഷേപം; ഡീനിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരം: എസ്എഫ്ഐ

sfi
വെബ് ഡെസ്ക്

Published on Nov 07, 2025, 05:46 PM | 1 min read

തിരുവനന്തപുരം: ഗവേഷക വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേവും നടത്തിയ കേരള സർവകലാശാല സംസ്‌കൃതം വിഭാഗം ഡീൻ ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. അധ്യാപകയുടെ ജാതി വിവേചനവും ഭീഷണിയും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും പ്രതിഷേധാർഹവുമാണ്. സർവകലാശാല നിയമങ്ങൾക്ക് അനുസൃതമായാണ് വിദ്യാർഥി ഗവേഷണം പൂർത്തിയാക്കിയത്. എന്നാൽ, ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച് ആർഎസ്എസ് നോമിനിയായ ഡീൻ പിഎച്ച്ഡി നൽകാൻ തടസം നിന്നു.


വിജയകുമാരി സവർണ്ണ ഫ്യൂഡൽ മാടമ്പിയുടെ മനോഭാവത്തോടെ വിദ്യാർഥിയെ നിരന്തരം ജാതീയമായി പീഡിപ്പിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് മനുവാദത്തിൽ അധിഷ്ഠിതമായ സവർണ്ണജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആർഎസ്എസ് നീക്കത്തെ പ്രതിരോധിക്കും. ഗവേഷക വിദ്യാർഥി നേരിട്ട ജാതിവിവേചനത്തെ എസ്എഫ്ഐ നേതാവിന്റെ വ്യാജ പിഎച്ച്ഡി ബിരുദ നേട്ടമെന്ന നിലയിൽ വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രമിച്ചത് അപലപനീയമാണ്. വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേപവും ഭീഷണിയും നടത്തിയ ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരമാർഗങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home