വർക്കലയിൽ പതിനേഴുകാരൻ നേരിട്ടത് ക്രൂരമർദനം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: വി ജോയി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പതിനേഴുകാരന് പൊലീസിൽനിന്ന് അതിക്രൂര മർദനം നേരിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വി ജോയി എംഎൽഎ. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ പൊലീസ് ജീപ്പിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. പ്രായം പോലും പരിഗണിക്കാതെ കുട്ടിയെ ഉപദ്രവിച്ചത് അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ പ്രതിഷേധത്തിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വർക്കല ചാലുവിള കനാൽ പുറമ്പോക്കിൽ മുഹമ്മദ് റഹാനാണ് ഗുരുതരമായി പരിക്കേറ്റത്. സ്‌റ്റേഷനിൽവെച്ച് ചോര ഛർദിച്ച കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങി. ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകളാണ്. വർക്കല ആയുർവേദ ആശുപത്രിക്കടുത്ത് മാസാ മന്തി എന്ന കടയിലെ തൊഴിലാളിയാണ് റഹാനെ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ മറ്റൊരു തൊഴിലാളിയായ അജ്മലിനെ അന്വേഷിച്ചെത്തിയതായിരുന്നു വർക്കല എസ്ഐ ആഷിൽ രവിയും സംഘവും. അയാളെ കിട്ടാതായപ്പോൾ അവിടെ ഉണ്ടായിരുന്ന റഹാനുനേരെ തിരിയുകയായിരുന്നു. പൊലീസ് വരുന്ന വിവരം അജ്മലിനെ റഹാൻ അറിയിച്ചുവെന്നാരോപിച്ചായിരുന്നു അതിക്രമം.
കടയിൽവെച്ചുതന്നെ റഹാനെ ബൂട്ടിട്ട് എസ്ഐ ചവിട്ടു. കഴുത്തിനു മുട്ടുകൈ വെച്ച് ഇടിച്ചു. മറ്റൊരു പൊലീസുകാരൻ വണ്ടിയിലേയ്ക്ക് എടുത്തെറിഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചും മർദിച്ചു. ബിപിയുടെ ബുദ്ധിമുട്ടും സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയുമുണ്ടെന്നും 17 വയസ് മാത്രമാണ് പ്രായമെന്നും പറഞ്ഞപ്പോൾ ഒരു പൊലീസുകാരൻ കരണത്തടിച്ചതായും റഹാൻ പറഞ്ഞു.
പിന്നീട് സ്റ്റേഷനിൽ എത്തിച്ചപ്പോൾ റഹാൻ ചോര ഛർദിച്ചു. ‘പ്രതികളെ കിട്ടിയില്ലെങ്കിൽ നിന്നെയും പ്രതിയാക്കും. അല്ലെങ്കിൽ നിന്റെ ഉമ്മയെയും ബാപ്പയെയും പ്രതിയാക്കും'–പൊലീസ് ഭീഷണിപ്പെടുത്തി. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് റഹാന്റെ വീട്ടുകാരെ വിവരമറിയിച്ചത്. എന്നാൽ റഹാന്റെ മാതാപിതാക്കൾ എത്തുന്നതിന് മുൻപേ അടുത്തുള്ള ജ്യൂസ് കടയിൽ കുട്ടിയെ ഉപേക്ഷിച്ച് പൊലീസുകാർ കടന്നുകളഞ്ഞു. മാതാപിതാക്കളാണ് റഹാനെ ആശുപത്രിയിൽ എത്തിച്ചത്. ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതായും റഹാൻ പറഞ്ഞു.









0 comments