ബിഎംഡബ്ല്യുവും ഹാര്‍ലി ഡേവിഡ്‌സണും മോഷണം പോയി; 'കള്ളൻ കപ്പലിൽ തന്നെ', പരാതിയില്ലെന്ന് വീട്ടുകാർ

മോഷണ ശ്രമം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
വടകര: മേമുണ്ടയിലെ വീട്ടിൽ നടന്നത് സിനിമാ സ്‌റ്റെൽ മോഷണം. ബിഎംഡബ്ല്യു കാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക്, ആക്റ്റീവ സ്‌കൂട്ടി എന്നിവ ഉൾപ്പെടെയാണ് മോഷണം പോയത്. അന്വേഷണത്തിൽ ബന്ധുതന്നെയാണ് മോഷ്ടാവെന്ന് അറിഞ്ഞതോടെ പരാതിക്കാർ പിന്മാറി. മണിക്കൂറോളം അന്വേഷണവുമായി തലപുകഞ്ഞ പൊലീസ് ഇതോടെ വെട്ടിലായി.
വ്യാഴം രാവിലെയോടെയാണ് മേമുണ്ട പള്ളിക്ക് സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ട ആഡംബര വാഹനം ഉൾപ്പെടെ മൂന്ന് വാഹനങ്ങള്‍ മോഷണം പോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സ്ഥലത്തെത്തി. വാഹനങ്ങള്‍ വീട്ടിൽനിന്ന് കവര്‍ച്ച ചെയ്യപ്പെട്ടതായി പൊലീസിന് ബോധ്യമായി. വീടിനുള്ളിലെ ലോക്കറില്‍ സൂക്ഷിച്ച താക്കോലുകള്‍ എടുത്താണ് വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും മുറ്റത്ത് നിർത്തിയിട്ട സ്‌കോഡ കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ഡൗണ്‍ ആയതിനാല്‍ ഉപേക്ഷിച്ച നിലയിലാണെന്നും കണ്ടെത്തി. സ്‌കോഡ കാറിന്റെ ചാവിയും സ്ഥലത്തുനിന്ന് കണ്ടെത്തി. വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും നശിപ്പിച്ചിരുന്നു. വാഹനം കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു.
മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വ്യാഴം രാവിലെ വീട്ടുകാരെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട്ടു ജോലിക്കാരനെ ചോദ്യം ചെയ്തപ്പോൾ ഇന്നോവ കാറിൽ ഒരാൾ വീട്ടിൽ വന്നതായി മൊഴി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വരാനിരിക്കെയാണ് വീട്ടുകാർ പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നമാണ് മോഷണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇതോടെ പൊലീസ് തുടർ നടപടികളിൽനിന്ന് പിൻമാറി. വാഹനങ്ങൾ പിന്നീട് കണ്ടെത്തുകയും ചെയ്തു.










0 comments