ബിജെപി സീൽ: പ്രതികരിച്ചവർക്കെതിരായ നടപടി അപലപനീയം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ വിതരണംചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെയുള്ള നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമീഷന്റെ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്ത്, ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്‌ക്കും. വിമർശനങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയോ, അപകീർത്തികരമാവുകയോ, വ്യക്തിപരമായ ആക്രമണങ്ങൾക്ക് കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അവയെ അഭിപ്രായ പ്രകടനങ്ങളായി വേണം കാണാൻ. തെരഞ്ഞെടുപ്പ് കമീഷൻപോലെയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ ബഹുമാന്യത എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ, കമീഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളിൽ സമ്പൂർണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കേണ്ടതുണ്ട്. അങ്ങനെ പ്രവർത്തിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് കമീഷന് അർഹമായ ബഹുമാന്യത ആർജ്ജിക്കാൻ സാധിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കമീഷന്റെ സർക്കുലറിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത് വെറുമൊരു ഉദ്യോഗസ്ഥന്റെ പിഴവായി മാത്രംകണ്ട് നിസ്സാരവൽക്കരിക്കാൻ കഴിയില്ല. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്തരം പ്രധാനപ്പെട്ട ആശയവിനിമയങ്ങൾ പുറത്തേക്ക് അയക്കുന്നത് അബദ്ധമായോ യാദൃശ്ചികമായ വീഴ്ചയായോ തള്ളിക്കളയാനാകില്ല. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തലത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേരളത്തിലെ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.










0 comments